രാഷ്ട്രീയ പ്രേരിതം, ഫെമിനിസ്റ്റ് ഗൂഢാലോചന; മീ ടു ആരോപണത്തിനെതിരെ രാഹുല്‍ ഈശ്വര്‍ (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 01:28 PM  |  

Last Updated: 29th October 2018 01:28 PM  |   A+A-   |  

 

തനിക്കെതിരായ വന്ന ആരോപണങ്ങള്‍  ശബരിമല വിശ്വാസികളെ തമ്മിലടിപ്പിക്കാനും ഏതെങ്കിലും രീതിയില്‍  ഈ മുന്നേറ്റത്തെ ഇല്ലായ്മ ചെയ്യാനുമായി ചില ആളുകള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് രാഹുല്‍ ഈശ്വര്‍. 

മീ ടു മൂവ് മെന്റിന്റെ ഭാഗമായി തനിക്കെതിരെ ആരോ പേരില്ലാത്ത പരാതി ഉന്നയിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്തിന് ദുരനുഭവം ഉണ്ടായെന്നാണ് ആരോപണം. മീ ടു മൂവ്‌മെന്റിനെ ബഹുമാനിക്കുകയും ചില അഭിപ്രായ വ്യത്യാസങ്ങളോടെ പിന്തുണയ്ക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. ആശയപരമായി അതിന്റെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും സത്രീകളുടെ വേദന തുറന്നു പറയാനുള്ള വേദിയാണ് മീ  ടു. പക്ഷെ ഇത്തരം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍, ഫെമിനിസ്റ്റ് ഗൂഢാലോചനകള്‍ മീ ടു മൂവ് മെന്റിന്റെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു

ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ് ഈ വെളിപ്പെടുത്തല്‍.15 വര്‍ഷം മുന്‍പ് നടന്നെന്നാണ് പറയുന്നത്. അത് തന്നെ ആരോപിക്കുന്ന ആള്‍ക്ക് ഉറ്പ്പില്ല. ഇത്തരത്തില്‍ വരുന്ന ആരോപണങ്ങള്‍ എങ്ങനെയാണ് ഒരു പുരുഷന് തെറ്റാണെന്ന് തെളിയിക്കാനാവുക. നാളെ നമ്മുടെ വീട്ടില്‍ അച്ഛനെ മകനോ മകള്‍ക്കോ ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും. ഇത് എല്ലാവരും ചിന്തിക്കണം. വ്യാജ ആരോപണങ്ങള്‍ വിശ്വാസ്യതയെ തകര്‍ക്കും. ആശയപരമായി എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ കുടുക്കാനും ഉപയോഗിക്കരുത. മീ ടു ആരോപണം അതിന്റെ അര്‍ത്ഥത്തില്‍ പൂര്‍ണമായും തള്ളുന്നു.

എനിക്കെതിരെ ചില ആളുകള്‍ ആരോപണം ഉന്നയിക്കുകയും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഞാന്‍ അര്‍ഹനാണോ എന്ന ചോദ്യങ്ങളും ചോദിക്കുകയുണ്ടായി. മുത്തശ്ശി ദേവകി അന്തര്‍ജ്ജനം, അമ്മ മല്ലിക നമ്പൂതിരി, ഭാര്യ ദീപ ഇത് സംബന്ധിച്ച് മറുപടി പറയുമെന്നും രാഹുല്‍ പറഞ്ഞു.