വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ അതു തന്നെയാണ്; അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂവെന്ന് കെ സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th October 2018 12:42 PM |
Last Updated: 29th October 2018 12:42 PM | A+A A- |

കൊച്ചി: അധികാരത്തില്‍നിന്നു വലിച്ചു താഴെയിറക്കുമെന്ന് അമിത് ഷാ പറഞ്ഞാല്‍ അതു തന്നെയാണ് അതിന് അര്‍ഥമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അമിത് ഷായുടെ വാക്കുകള്‍ ഇതുവരെ തെറ്റിയിട്ടില്ലെന്നും അതുകൊണ്ടാണ് എതിരാളികളുടെ ഇപ്പോഴത്തെ വെപ്രാളമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം വിവാദമാവുന്നതിനിടെയാണ് കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിറക്കുമെന്ന് അമിത് ഷാ പറഞ്ഞത് പിരിച്ചുവിടുമെന്നാണെന്ന മട്ടില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതു വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനിടെ അമിത് ഷാ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വലിച്ചു താഴെയിടുമെന്നു തന്നെയാണ് പറഞ്ഞതെന്ന വ്യക്തമാക്കിക്കൊണ്ടുള്ള സുരേന്ദ്രന്റെ പോസ്റ്റ്.
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനര്‍ത്ഥം ഫിസിക്കലി കസേരയില്‍ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞതെന്ന് സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞു.
ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്‌നമേ അല്ല. അമിത് ഷായുടെ വാക്കുകള്‍ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയന്‍. ഞങ്ങള്‍ റെഡി. ഇനി ഗോദയില്‍ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.