ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ സുരക്ഷ ഒരുക്കും; കോടതി പറഞ്ഞത് മനസ്സിലാക്കാനുള്ള വിവേകം സമൂഹത്തിനുണ്ടാകണം: കടകംപള്ളി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 04:34 PM  |  

Last Updated: 29th October 2018 04:34 PM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ സുരക്ഷ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹൈക്കോടതി മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി പറഞ്ഞത് മനസ്സിലാക്കാനുള്ള വിവേകം സമൂഹത്തിനുണ്ടാകണം. മതഭ്രാന്തന്‍മാരുടെ മനസ്സിലിരിപ്പാണ് ടി.ജി മോഹന്‍ദാസിന്റെ ഹര്‍ജിയിലൂടെ പുറത്തുവന്നത്. പൊലീസിന് എതിരെയുള്ള ആക്ഷേപത്തില്‍ കോടതി നിര്‍ദേശം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടാണ് സുപ്രിം കോടതി വിധി. എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന്, സര്‍ക്കാരിന്റെ വിശദീകരണം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് കോടതി വിലയിരുത്തി. സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെയായിരുന്നു ആദ്യം സമീപിക്കേണ്ടിയിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ടിപി മോഹന്‍ദാസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 

എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനമുളള ക്ഷേത്രമാണ് ശബരിമലയെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേരളത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കുന്നതാണ് ഹര്‍ജിയെന്ന് അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായം തേടി.