ശബരിമലയില്‍ വിപുലമായ സുരക്ഷാ സംവിധാനം; 5000 പൊലീസുകാര്‍, മേല്‍നോട്ടത്തിന് കൂടുതല്‍ എഡിജിപിമാരും ഐജിമാരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2018 02:46 PM  |  

Last Updated: 29th October 2018 04:22 PM  |   A+A-   |  

sabari

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍  വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പൊലീസ് തീരുമാനം. അയ്യായിരം പൊലീസുകാരെയാണ് തീര്‍ഥാടനക്കാലത്ത് ശബരിമലയില്‍ വിന്യസിക്കുക. മേല്‍നോട്ടത്തിനായി കൂടുതല്‍ എഡിജിപിമാരും ഐജിമാരും സ്ഥലത്തുണ്ടാവും.

നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമായാണ് അയ്യായിരം പൊലീസുകാരെ വിന്യസിക്കുക. എഡിജിപി എസ് ആനന്ദകൃഷ്ണന്‍ വിന്യാസത്തിനു മേല്‍നോട്ടം വഹിക്കും. എഡിജിപി അനില്‍ കാന്തിനും ഐജി മനോജ് എബ്രഹാമിനുമാണ് മേല്‍നോട്ടച്ചുമതല.

രണ്ട് ഐജിമാരും എട്ട് എസ് എസ്പിമാരും ശബരിമലയിലുണ്ടാവും. മണ്ഡല, മകര വിളക്ക് തീര്‍ഥാടനക്കാലത്ത് ഒരുവിധത്തിലുള്ള അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലോടെയായിരിക്കും പൊലീസിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

തുലാമാസ പൂജയ്ക്കു നടതുറന്നപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. അതോടൊപ്പം, സുപ്രിം കോടതി വിധി അനുസരിച്ച് യുവതികള്‍ ദര്‍ശനത്തിന് എത്തുന്നത് ക്രമസമാധാന പ്രശ്‌നമായി മാറാതിരിക്കാനും പൊലീസ് ശ്രമിക്കും.

ശബരിമലയില്‍ പ്രതിഷേധത്തിനിടെ ക്രിമിനലുകള്‍ നുഴഞ്ഞുകയറിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദര്‍ശനത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.