ശബരിമല മതേതരത്വത്തിന്റെ പ്രതീകമെന്ന് ഹൈക്കോടതി; അഹിന്ദുക്കളെ വിലക്കണമെന്നു ഹര്‍ജി നല്‍കിയ ടിജി മോഹന്‍ദാസിനു വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2018 11:38 AM  |  

Last Updated: 29th October 2018 04:25 PM  |   A+A-   |  

tg_mohandas_highcourt

 

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ടിപി മോഹന്‍ദാസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനമുളള ക്ഷേത്രമാണ് ശബരിമലയെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി കേരളത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കുന്നതാണ് ഹര്‍ജിയെന്ന് അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായം തേടി.

ശബരിമല ഹിന്ദു ക്ഷേത്രമാണെന്നും പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അവിടെ അവിശ്വാസികളെ പ്രവേശിപ്പിക്കാന്‍ ശ്രമം നടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ടിജി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്. അവിശ്വാസികളെ പ്രവേശിക്കുന്നതു തടഞ്ഞുകൊണ്ട് ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.

ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച ദേവസ്വം ബെഞ്ച് കേരളത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്നതാണ് ഹര്‍ജിയെന്ന് അഭിപ്രായപ്പെട്ടു. എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനം നല്‍കുന്ന ക്ഷേത്രമായ ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണ്. ശബരിമല തീര്‍ഥാടകര്‍ വാവരു പള്ളിയിലെത്തുന്നത് കോടതി എടുത്തു പറഞ്ഞു. ശബരിമലയില്‍ പതിനെട്ടാം പടി കയറാന്‍ മാത്രമാണ് ഇരുമുടിക്കെട്ട് നിര്‍ബന്ധമുള്ളത്. ഇരുമുടിക്കെട്ട് ഇല്ലാത്തവര്‍ക്കും ശബരിമല ദര്‍ശനം നടത്താമെന്ന് കോടതി വ്യക്തമാക്കി.ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.