ശബരിമല സംഘര്‍ഷം: 210  പ്രതികളുടെ ഫോട്ടോ കൂടി പുറത്ത്; കൂടുതല്‍ അറസ്റ്റിന് സാധ്യത

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 12:46 PM  |  

Last Updated: 29th October 2018 12:46 PM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ അറസ്റ്റ് തുടരാന്‍ പൊലീസിന്റെ തീരുമാനം. കലാപമുണ്ടാക്കിയ 210 പ്രതികളുടെ ഫോട്ടോ കൂടി പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തില്‍ 210 പേരുടെ ഫോട്ടോ പൊലീസ് പുറത്തു വിട്ടിരുന്നു. ഇതുവരെ ആകെ 420 പേരുടെ ഫോട്ടോയാണ് പുറത്തു വിട്ടിട്ടുള്ളത്. പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ച് ശേഖരിച്ച ഫോട്ടോകള്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരുടെയും ഓഫിസിലേക്ക് തുടര്‍ നടപടികള്‍ക്കായി അയച്ചു.

ആദ്യ ഘട്ടത്തില്‍ പുറത്തുവിട്ട 210 ഫോട്ടോകളില്‍നിന്ന് നൂറിലധികംപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 15 പേരെ അറസ്റ്റു ചെയ്തു. കൊല്ലം, എറണാകുളം ജില്ലകളിലുള്ള മൂന്നുപേര്‍ വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം ലഭിച്ചു. മറ്റുള്ളവര്‍ ഒളിവിലാണ്. രാജ്യം വിടാതിരിക്കാനായി വിമാനത്താവള അധികൃതര്‍ക്ക് ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. പ്രതികളുടെ ഫോട്ടോ ആല്‍ബം തയാറാക്കിയത് പ്രാഥമിക നടപടി മാത്രമാണെന്നും വിഡിയോയും ഫോട്ടോകളും വീണ്ടും പരിശോധിച്ചശേഷം ചാര്‍ജ് ചെയ്യുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പട്ടിക തയാറാക്കുമെന്നും പൊലീസ് പറയുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്യുന്നതായി ആരോപിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാര്‍ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അക്രമങ്ങളില്‍ പങ്കാളികളായവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും സര്‍ക്കാര്‍ ഗ്യാലറിക്കു വേണ്ടി കളിക്കരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനു പിഴവു വന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തിനായി കേസ് മാറ്റിവച്ചിരിക്കുകയാണ്. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി പൊലീസ് ചര്‍ച്ചകള്‍ ആരംഭിച്ചു. പിഴവുകള്‍ വരാതെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസ് തയാറെടുക്കുന്നത്.

ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 3505 പേര്‍ അറസ്റ്റിലായി. 529 കേസുകളിലായാണ് അറസ്റ്റ്. ഇതില്‍ 122 പേരെ റിമാന്‍ഡ് ചെയ്തു മറ്റുളളവര്‍ക്ക് ജാമ്യം ലഭിച്ചു. സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരാണ് ജയിലില്‍ കഴിയുന്നത്. ഇന്നലെ മാത്രം 160 പേരാണ് അറസ്റ്റിലായത്.

അക്രമങ്ങളുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. നിലയ്ക്കലിലെയും പമ്പയിലെയും സംഘര്‍ഷത്തില്‍ മാത്രം ഇരുന്നൂറിലധികം പേര്‍ അറസ്റ്റിലായി. പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളിലുളളവരാണേറയും.

പൊതുമുതല്‍ നശിപ്പിച്ചതിന് എറണാകുളത്ത് മാത്രം 75 പേര്‍ അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഹര്‍ത്താല്‍ ദിനത്തിലുള്‍പ്പെടെയുണ്ടായ സംഘര്‍ഷങ്ങളിലും കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ജാതിപ്പേരു വിളിച്ചതിനും ഏതാനും പേര്‍ക്കെതിരെ കേസുണ്ട്. പിടിയിലായവരിലേറെയും സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്.