സന്ദീപാനന്ദ ഗിരിക്ക് പൊലീസ് സുരക്ഷ; ഗണ്‍മാനെ അനുവദിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th October 2018 09:24 AM  |  

Last Updated: 29th October 2018 10:10 AM  |   A+A-   |  

SABARI_SANDEEOANANDA

 

തിരുവനന്തപുരം:  സ്വാമി സന്ദീപാനന്ദ ഗിരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു. കഴിഞ്ഞ ദിവസം സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.

ആശ്രമത്തിന് മുന്‍പില്‍ നിറുത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും ആക്രമികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച സ്വാമിക്ക് നേരേ മുന്‍പും ആക്രമണ ശ്രമം ഉണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ നിരവധി ഭീഷണികള്‍ ഉണ്ടായതായി അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ആശ്രമത്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ് ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണെന്ന് സ്വാമി പറഞ്ഞിരുന്നു. ആശ്രമത്തിനു പുറത്ത് മതിലുകളില്‍ ഷിബു എന്ന് എഴുതി വെച്ചു പരിഹസിച്ചു, ആശ്രമത്തിന് പുറത്ത് പി.കെ ഷിബുവിന് ഇതൊരു അറീപ്പാണെന്നു പറഞ്ഞ് റീത്ത് വെച്ചു ഇങ്ങനെ മാനസികമായും കായികമായും ഒതുക്കി നിര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടിരുന്നു