ഈ മാസം ശമ്പളം പിടിക്കുന്നത് സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രം; സാലറി ചലഞ്ച് ഉത്തരവ് ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th October 2018 02:41 PM  |  

Last Updated: 29th October 2018 02:41 PM  |   A+A-   |  

 

തിരുവനന്തപുരം: സാലറി ചലഞ്ചിലെ വിസമ്മത പത്ര വ്യവസ്ഥ സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയില്‍ ഇടപെടാനാവില്ലെന്ന സുപ്രീംകോടതി നിലപാട് സര്‍ക്കാരിന് തിരിച്ചടി തന്നെയെന്ന് ധനമന്ത്രി തോമസ് ആസക്. വിസമ്മതപത്ര വ്യവസ്ഥയെക്കുറിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അന്തിമവിധി വരട്ടേയെന്നും അതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കാമെന്നും ഉത്തരവില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈമാസം തുക ഈടാക്കൂ. വെന്ന് അദ്ദേഹം പറഞ്ഞു.

പിടിക്കുന്ന പണം ഏത് അക്കൗണ്ടിലേക്ക് പോയെന്ന് സംശയം വേണ്ട, എല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് പോകുന്നത്. ഇതുവരെ 1874കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടുണ്ട്. അതില്‍ 454കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സാലറി ചലഞ്ചിന്റെ ആദ്യഗഡുവായി 288കോടി രൂപ ലഭിച്ചിട്ടുണ്ട്. ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്ന സാലറി ചലഞ്ചിന്റെ ഉത്തരവിലെ വിസമ്മതപത്ര വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അന്തിമവിധി വരുന്നതുവരെയാണ് സ്‌റ്റേ.  ഇതിനെ ചോദ്യംചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനമെന്തെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. വിസമ്മത പത്രം നല്‍കി ജീവനക്കാര്‍ സ്വയം അപമാനിതരാവുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിസമ്മത പത്ര വ്യവസ്ഥ സര്‍ക്കാരിനു ഭേദഗതി ചെയ്യാമെന്ന് വ്യക്തമാക്കിയ സുപ്രിം കോടതി ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു.

സാലറി ചലഞ്ച് വഴി സ്വരൂപിക്കുന്ന പണം ദുരിതാശ്വാസത്തിനു തന്നെ ചെലവഴിക്കുമെന്ന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. ഇത്തരത്തിലുള്ള വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനു തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍ നിര്‍മാണത്തിനു പണം കണ്ടെത്താനാണ് സര്‍ക്കാര്‍ സാലറി ചലഞ്ച് ആവിഷ്‌കരിച്ചത്. ഇതനുസരിച്ച് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതമുള്ളവര്‍ അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ.