വരുന്നത് നല്ലതിനാണെങ്കില്‍ നല്ലത്;  കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കും, ഒരുകൂട്ടര്‍ ഉരുട്ടിപുരട്ടി കൊണ്ടുവന്നതല്ല കേരള സര്‍ക്കാര്‍: അമിത് ഷായോട് മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വീണ്ടും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
വരുന്നത് നല്ലതിനാണെങ്കില്‍ നല്ലത്;  കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അനുഭവിക്കും, ഒരുകൂട്ടര്‍ ഉരുട്ടിപുരട്ടി കൊണ്ടുവന്നതല്ല കേരള സര്‍ക്കാര്‍: അമിത് ഷായോട് മുഖ്യമന്ത്രി

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വീണ്ടും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പലയിടത്തും നടപ്പാക്കിയ കലാപ ആഗ്രഹങ്ങളുമായി കേരളത്തിലേക്ക് വരേണ്ടെന്ന് അദ്ദേഹം എല്‍ഡിഎഫ് എറണാകുളത്ത് സംഘടിപ്പിച്ച ജനകീയ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അതിനൊന്നും പറ്റിയ മണ്ണില്ലിത്. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും അയ്യങ്കാളിയുടെയും പിന്‍തലമുറക്കാര്‍ അതിന് സമ്മതിക്കില്ല-അദ്ദേഹം പറഞ്ഞു. 

അമിത് ഷാ രണ്ടുവരവുകൂടി വന്നോട്ടെ,നന്നായിരിക്കും.ഇത്തരത്തിലുള്ള ചില പ്രഖ്യാപനങ്ങള്‍ നടത്തും.നല്ലതിനാണെങ്കില്‍ നല്ലത്, നവോത്ഥാനങ്ങള്‍ പുറകോട്ടടിക്കാനാണെങ്കില്‍ ഈ കേരള മണ്ണില്‍ നടക്കില്ല. നിങ്ങള്‍ക്കൊരു സീറ്റ് കിട്ടിയത് നിങ്ങളുടെ ശക്തികൊണ്ടല്ലെന്ന് നിങ്ങള്‍ക്കുമറിയാം ഈ കേരളത്തിലെ എല്ലാവര്‍ക്കുമറിയാം. അത് ഇവിടുത്തെ കോണ്‍ഗ്രസ് കാരണമാണ്. അതിലൊരു വിഭാഗം നേതാക്കളുടെ മനസ്സ് ബിജെപിക്കൊപ്പമാണ്. 

അമിത് ഷാ മനസ്സിലാക്കേണ്ട കാര്യം ഏതെങ്കിലും ഒരുകൂട്ടര്‍ ഉരുട്ടിപുരട്ടി കൊണ്ടുവന്നതല്ല, ജനലക്ഷങ്ങള്‍ ഒന്നാകെ അധികാരത്തിലേറ്റിയ സര്‍ക്കാരാണ് കേരളത്തിലേത്.  ശബരിമലയെ കലാപഭൂമിയാക്കാമെന്ന വ്യാമോഹം വേണ്ട. ഇത് കലാപത്തിന് തയ്യാറെടുക്കുന്നവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്. അമിത് ഷായുടെ വാക്കുകേട്ട് സമാധാനം അലങ്കോലപ്പെടുത്താന്‍ സംഘപരിവാര്‍ ഇറങ്ങിത്തിരിച്ചാല്‍ അതിന്‍ന്റെ ഫലം അവര്‍ അനുഭവിക്കേണ്ടിവരും. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിട്ടുന്ന അവസരമൊക്കെ ബിജെപിയെ പിന്താങ്ങി സംസാരിക്കുയാണ്. എന്തെുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നിലപാട് സംരക്ഷിക്കാത്തത്. കേരളത്തിലെ കോണ്‍ഗ്രസ് സ്വയം നാശത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നമ്മുടെ നാട് ഇന്നത്തെ അവസ്ഥയിലെത്തിയത് എണ്ണമറ്റ നവോത്ഥാന പ്രക്ഷോഭങ്ങളുടെ ഫലമായാണ്. പഞ്ചമി പഠിക്കാതിരിക്കാന്‍ സ്‌കൂളിന് തീവച്ചവരല്ല വിജയിച്ചത്, നവോത്ഥാന മുന്നേറ്റങ്ങളാണ്. ഇതെല്ലാം നമ്മുടെ നാട് നേടിയെടുത്തത് ആരുടെയും ഔദാര്യമായല്ല. ഇപ്പോള്‍ ചിലര്‍ നാടിനെ പുറകോട്ടടിക്കാന്‍ ശ്രമിക്കുകയാണ്. 

ശബരിമല ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ആരാധനാലയമല്ല. എല്ലാ ജാതിമതസ്ഥര്‍ക്കും ചെല്ലാവുന്ന മതനിരപേക്ഷതയുടെ ഉത്തമ ഉദാഹരണമാണ്. ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കും. 

ശബരിമലയ്ക്ക് വേണ്ടി എറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിച്ചത് എല്‍ഡിഎഫ് ഗവണ്‍മെന്റാണ്. ആര്‍ക്കും കണക്ക് പരിശോധിക്കാവുന്നതാണ്. ശബരിമലയിലെത്തുന്ന പണം ദേവസ്വം ആവശ്യങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്. സര്‍ക്കാരിന്റെ ആവശ്യത്തിന് വേണ്ടി ഒരു ചില്ലിക്കാശ് ദേവസ്വം ബോര്‍ഡിന്റെ പണത്തില്‍ നിന്ന് സ്വീകരിക്കുന്നില്ല. ഇതാണ് വസ്തുക. അതേസമയം ഓരോവര്‍ഷവും കോടികള്‍ ശബരിമലയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവിടുന്നു. ഞങ്ങള്‍ വിശ്വാസികളുടെ സംരക്ഷണത്തിന് വണ്ടി നിലകൊള്ളുന്നവരാണ്. ഒരാശങ്കയും വിശ്വാസികള്‍ക്ക് വേണ്ട-അദ്ദേഹം പറഞ്ഞു. 

വിവാദങ്ങളുയര്‍ത്താന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്, ശബരിമല ശാന്തിയും സമാധാനവും നിലനില്‍ക്കേണ്ട സ്ഥലമാണ് എന്നതാണ്. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷമുണ്ടാകാന്‍ പാടില്ല. സമര നായകരില്‍ ഒരാള്‍ ശബരിമല അടച്ചുപൂട്ടിക്കാന്‍ നടത്തിയ ഗൂഢാലോചന നമ്മള്‍ കേട്ടു. അദ്ദേഹം എ,ബി,സി എന്ന് തിരിച്ചു പറയുന്നത് നമ്മള്‍ കേട്ടു. രക്തമൊഴുക്കാന്‍ ഇവര്‍ തയ്യാറാവില്ല മൂത്രമൊഴിക്കാനാവും ആലോചിച്ചിട്ടുണ്ടാവുക- രാഹുല്‍ ഈശ്വറിനെ പരിസസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 

ലക്ഷക്കണക്കിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്ന രീതിയില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. നിലക്കല്‍ ബേസ് ക്യാമ്പായി മാറ്റും. ആയിരക്കണക്കിന് ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യം അവിടെ ഒരുക്കും. അവിടെ നിന്ന് ശബരിമലയ്ക്ക് താങ്ങാവുന്ന ആളുകളെ കടത്തിവിടും. ആവശ്യമായ സമയമെടുത്ത് ആരാധന നടത്തി തിരിച്ചു വരിക, സന്നിധാനം ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് സ്ഥിരമായി തങ്ങാവുന്ന ഇടമായിരിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. 

എന്താണോ സുപ്രീംകോടതി വിധി,അത് ഞങ്ങള്‍ നടപ്പാക്കും. അത് സത്യവാങ്മൂലത്തില്‍ പറഞ്ഞതാണ്. ദിവസംതോറും വാക്കു മാറുന്നവരായി ഇടതുപക്ഷത്തേയും സര്‍ക്കാരിനെയും കാണാന്‍ പറ്റുമോ? അങ്ങനെ വാക്കു മാറുന്നവരല്ല ഞങ്ങള്‍. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ എല്ലാ സ്ത്രീകളും ശബരിമലയില്‍ പോകണം എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞില്ല. ഞങ്ങള്‍ക്കൊരു നിര്‍ബന്ധം മാത്രമേയുള്ള ശബരിമല ദര്‍ശനം വിഘ്‌നമില്ലാതെ നടക്കണം. ഞങ്ങളൊരു ഗവണ്‍മെന്റ് എന്ന നിലയ്ക്ക് ഇതല്ലാതെ വേറെന്ത് ചെയ്യാന്‍ കഴിയും എന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. മതനിരപേക്ഷതയുടെ സംരക്ഷണത്തിന്റെ പ്രശ്‌നമാണിത്. മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്നവര്‍ ഒന്നിച്ചു നിന്ന് ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com