അത്യാവശ്യം ആത്മീയാനന്ദത്തിന് കുണ്ടമണ്‍കടവില്‍ ഓണ്‍ലൈന്‍ ബുക്കു ചെയ്തു പോയാല്‍ മതി; സന്ദീപാനന്ദയെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 01:00 PM  |  

Last Updated: 30th October 2018 01:21 PM  |   A+A-   |  

sabari_sandeepananda


 

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെഎസ് ശബരീനാഥന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അത്യാവശ്യം ആത്മീയാനന്ദം വേണമെങ്കില്‍ സിറ്റിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള കുണ്ടമണ്‍കടവില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തു പോയാല്‍ മതിയെന്ന് ശബരീനാഥന്‍ പോസ്റ്റില്‍ പറയുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ സന്ദീപാനന്ദ ഗിരിക്കെതിരെ സംഘപരിവാര്‍ വിമര്‍ശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ പോസ്റ്റ്.

കെഎസ് ശബരീനാഥന്റെ കുറിപ്പ്: 

സ്വാമി സന്ദീപാനഗിരിയെ വലിയ പരിചയമില്ല, എന്നാലും അദ്ദേഹത്തിന്റെ ആശ്രമം ആക്രമിച്ചത് ഒരിക്കലും ന്യായികരിക്കാന്‍ കഴിയുന്നതല്ല.ആശയത്തെ അക്രമം കൊണ്ടല്ല,മറിച്ചു ആശയം കൊണ്ടുതന്നെ നേരിടണം എന്നതാണ് എപ്പോഴും എന്റെ പക്ഷം.

ഇതൊക്ക പറയുമ്പോഴും, ഞാന്‍ ഇപ്പോള്‍ പോസ്റ്റ് ഇടുന്നത് വെറുതെ ഒന്ന് ഗൂഗിള്‍ ചെയ്തതിനു ശേഷമാണ്. സ്വാമിയുടെ ആശ്രമത്തില്‍ ടൂറിസം വകുപ്പ് ഗോള്‍ഡ് റേറ്റിംഗ് നല്‍കിയ ഹോം സ്‌റ്റേ സൗകര്യമുണ്ടെന്നു ഗൂഗിള്‍ പറയുന്നു. ഒന്നുകൂടെ ഗൂഗിളില്‍ പരതിയപ്പോള്‍ Makemtyrip, Goibibo,Justdial തുടങ്ങിയ വാണിജ്യ വെബ്‌സൈറ്റുകളില്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നതുപോലെ സ്വാമിയുടെ ആശ്രമത്തിലും ഇന്നും വേണമെങ്കില്‍ നമുക്ക് റൂം ബുക്ക് ചെയ്യാം.

എന്തായാലും ഒരു സന്തോഷമുള്ളത്, അത്യാവശ്യം ആത്മീയാനന്ദം വേണമെങ്കില്‍ സിറ്റിയില്‍ നിന്ന് 10 km അകലെയുള്ള കുണ്ടമണ്‍കടവില്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്തു പോയാല്‍ മതി; സ്വിമ്മിംഗ് പൂളും ഉണ്ട്!