ഉയരം കൂടുംതോറും വലിച്ചുതാഴെയിടാന്‍ ആളുകള്‍ ശ്രമിക്കും; പ്രബുദ്ധരായ മലയാളികള്‍ ഉള്ളിടത്തോളം സര്‍ക്കാരിനെ വലിച്ചിടാനാവില്ലെന്ന് എം മുകുന്ദന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 09:23 AM  |  

Last Updated: 30th October 2018 09:23 AM  |   A+A-   |  

mukundan

 

കൊച്ചി: ഉയരം കൂടുംതോറും വലിച്ചുതാഴെയിടാന്‍ ആളുകള്‍ ശ്രമിക്കുമെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. എന്നാല്‍ വ്യക്തികളെ വലിച്ചിടുന്നതുപോലെ സര്‍ക്കാരിനെ താഴെയിടാനാവില്ല. പ്രബുദ്ധരായ മലയാളികളുള്ളിടത്തോളം കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ ആര്‍ക്കും കഴിയില്ലെന്നു മുകുന്ദന്‍ പറഞ്ഞു. അബുദാബി ശക്തി പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ ഇടവഴികളിലെ വെളിച്ചം വൈദ്യുതി വിളക്കുകളുടേതല്ല, നവോത്ഥാന നായകരുടേതാണ്. ആ വെളിച്ചം കെടുത്തി, വീണ്ടും ഇരുട്ടാക്കാനാണു ചിലരുടെ ശ്രമം. ആപത്കരമായ സ്ഥിതിവിശേഷമാണിത്. അന്ധവിശ്വാസങ്ങളുടെ ലോകത്തേക്കു തിരിച്ചുപോകേണ്ടി വരുമോയെന്നു ഭയക്കുന്നു. ഇതിനെതിരെ ജാഗരൂകരായിരിക്കണം. വായനക്കാരനെ ഇടവും വലവും നിര്‍ത്തി എഴുത്തുകാരനും ഇതില്‍ സ്വന്തം പങ്കു നിര്‍വഹിക്കണമെന്ന് മുകുന്ദന്‍ പറഞ്ഞു. 

പണ്ട്, സവര്‍ണരാണ് അവര്‍ണര്‍ക്കു വേണ്ടി സംസാരിച്ചതും സമരം ചെയ്തതും. ഇന്നതില്ല. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സവര്‍ണരാണു മുന്നില്‍ നില്‍ക്കേണ്ടിയിരുന്നത്- മുകുന്ദന്‍ പറഞ്ഞു. 

കേരളത്തിന്റെ പ്രളയദുരിതാശ്വാസത്തിന് 700 കോടി രൂപ യുഎഇ വാഗ്ദാനം ചെയ്തിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ഇപ്പോള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നതു തെറ്റാണെന്നു പുരസ്‌കാരം വിതരണം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഎഇ ഭരണാധികാരിയില്‍ നിന്ന് അനുമതി വാങ്ങിയാണ് എംഎ യൂസഫലി ഇക്കാര്യം തന്നോടു പറഞ്ഞതും താനതു പുറത്തു പറഞ്ഞതും. യുഎഇ ഭരണാധികാരിയെ പറ്റി കള്ളം പറഞ്ഞ്, യൂസഫലിക്ക് അവിടെ ജീവിക്കാന്‍ കഴിയുമോ?- പിണറായി ചോദിച്ചു. 

വിദേശത്തു പോകാന്‍ മന്ത്രിമാര്‍ക്ക് അനുമതി ലഭിക്കാത്തതു പുനര്‍നിര്‍മാണ ധനസമാഹരണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. പുനര്‍നിര്‍മാണത്തിനു പ്രത്യേക പാക്കേജ് അനുവദിക്കാനും വായ്പാപരിധി വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പക്ഷേ, എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിക്കാന്‍ പറ്റില്ലെന്നും പിണറായി പറഞ്ഞു.