കളി അമ്മയോട് വേണ്ട, പഴ്‌സ് മോഷ്ടിച്ച യുവതിയെ സിനിമാസ്റ്റൈലില്‍ പിടികൂടി മകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 06:58 AM  |  

Last Updated: 30th October 2018 06:58 AM  |   A+A-   |  


 ആലുവ:  സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ അമ്മയുടെ പഴ്‌സ് അടിച്ചുമാറ്റിയ തമിഴ്‌നാട് സ്വദേശിനിയെ കൈയ്യോടെ പിടിച്ച് മകള്‍.  ആലുവ ബാങ്ക് കവലയാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായത്. ആശുപത്രിയില്‍ പോകുന്നതിനായാണ് ചാലക്കുടി സ്വദേശിയായ സ്മിതയും അമ്മയും എത്തിയത്. 

ബാങ്ക് കവലയില്‍ ഇറങ്ങുന്നതിനിടെയുണ്ടായ തിരക്കിനിടയില്‍ തമിഴ്‌നാട് സ്വദേശിനിയായ ലക്ഷ്മി (24) പഴ്‌സ് മോഷ്ടിക്കുകയായിരുന്നു.
പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്മിത ലക്ഷ്മിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്മിത ശ്രദ്ധിക്കുന്നത് കണ്ടതോടെ പിന്നാലെയെത്തിയ പെരുമ്പാവൂര്‍ ബസിലേക്ക് ലക്ഷ്മി കയറി. പിന്നാലെ സ്മിതയും. 

കാസിനോ തിയറ്ററിന്റെ ഭാഗത്ത് എത്തിയപ്പോഴേക്കും ഒന്നും സംഭവിക്കാത്തത് പോലെ സ്മിതയുടെ അമ്മയുടെ പഴ്‌സ് പുറത്തെടുത്തു. ബസിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ലക്ഷ്മിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 5000 രൂപയോളം പഴ്‌സില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.