ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി: തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ വിജിലന്‍സ് കുറ്റപത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2018 12:03 PM  |  

Last Updated: 30th October 2018 12:03 PM  |   A+A-   |  

 

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരെ വിജിലന്‍സ് കുറ്റപത്രം. രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നാണ് കേസ്.  ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി.വി ചന്ദ്രമോഹന്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഭരണസമിതിയുടെ കാലത്ത് രഞ്ജിത്ത്, രാജു എന്നിവര്‍ക്കായി ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളം നല്‍കിയെന്നാണ് കേസ്. നിയമനം നടത്തിയ കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരിക്കുകയാണ് വിജിലന്‍സ്. കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയിന്‍മേലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഏഴ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുതിയ നിയമം അനുസരിച്ച് ദേവസ്വം ബോര്‍ഡ് ഭാരവാഹികളായിരുന്നവരെ പബ്ലിക് സെര്‍വന്റായി കണക്കാക്കും. അതിനാലാണ് വിജിലന്‍സ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും