സ്കൂൾ കുട്ടികൾ ചുമട്ടുകാരല്ല, പുസ്തകങ്ങൾ സൂക്ഷിക്കാൻ ക്ലാസിൽ സംവിധാനം ഒരുക്കണം; ബാ​ഗുകളുടെ അമിതഭാരത്തിനെതിരെ ഹൈക്കോടതി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th October 2018 05:16 PM  |  

Last Updated: 30th October 2018 05:16 PM  |   A+A-   |  

 

കൊച്ചി: സ്കൂൾ കുട്ടികൾ ചുമട്ടുകാരല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമർശമുണ്ടായത്.

അമിത ഭാരമുള്ള പുസ്തകങ്ങൾ സ്കൂളിൽ തന്നെ സൂക്ഷിച്ചുവയ്ക്കാൻ കുട്ടികൾക്ക് സംവിധാനങ്ങൾ ഒരുക്കി കൊടുക്കണം. എന്തിന് പാഠപുസ്കങ്ങളെല്ലാം കുട്ടികളെകൊണ്ട് ചുമപ്പിക്കണമെന്നും കോടതി ചോദിച്ചു.

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാനാണ് ശ്രമമെന്നും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോടതിയെ അറിയിച്ച സിബിഎസ്ഇയോട് ഇത് ഇലക്ട്രോണിക്സ് യുഗമല്ലേയെന്ന് കോടതി ചോദിച്ചു.തങ്ങൾ ഒരു ഭരണനിർവഹണ സ്ഥാപനം മാത്രമാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് നടപടി സ്വീകരിക്കാൻ കഴിയുമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. ഹർജിയിൽ വാദം തുടരും.