125 രാജ്യങ്ങളില്‍ സമാനമായ രീതി; ഇന്ത്യയില്‍ സ്ത്രീ -പുരുഷ വിവാഹപ്രായം ഏകീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th October 2018 07:37 AM  |  

Last Updated: 30th October 2018 07:37 AM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായം ഏകീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍ ചുരുങ്ങിയ വിവാഹപ്രായം എത്രയാക്കണമെന്ന് ശുപാര്‍ശയില്‍ ഇല്ല.

ഇപ്പോള്‍ ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്റെത് 21ഉം ആണ്. രാജ്യത്ത് നിന്ന് ശൈശവ വിവാഹം ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍ പങ്കാളികളാവണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കായി പുറപ്പെടുവിച്ച ശുപാര്‍ശകളിലാണ് ഈ നിര്‍ദ്ദേശമുള്ളത്. രാജ്യത്തെ സ്ത്രീ-പുരുഷ വിവാഹപ്രായം ഏകീകരിക്കുന്ന കാര്യം കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയവും പരിഗണിക്കണമെന്നാണ് കമ്മീഷന്‍ മന്ത്രാലയങ്ങള്‍ക്ക് നല്‍കിയ ശുപാര്‍ശയില്‍ നിര്‍ദ്ദേശിക്കുന്നത്. ലോകത്തിലെ 125 രാജ്യങ്ങളില്‍ സമാനമായ രീതിയുണ്ടെന്നും ഈ മാതൃക ഇന്ത്യയിലും അവലംബിക്കാവുന്നതാണെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നത്.

ആധുനികമായ സാഹചര്യം കണക്കിലെടുത്ത് നമ്മുടെ വിവാഹവുമായി ബന്ധപ്പെട്ട നയം പുനപ്പരിശോധിക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.16 വയസ്സിന് താഴെയുള്ള എല്ലാവിവാഹങ്ങളും അസാധുവാക്കണമെന്നും 16നും 18നും ഇടയിലുള്ള അസാധാരണ വിവാഹമായി പരിഗണിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.