എല്ലാ ദിവസവും ആയിരം സ്ത്രീകള്‍; സമരരീതി മാറുന്നു; ബിജെപി മുഖ്യമന്ത്രിമാര്‍ ശബരിമലയിലേക്ക്

എല്ലാ ദിവസവും ആയിരം സ്ത്രീകള്‍ - സമരരീതി മാറുന്നു - ബിജെപി മുഖ്യമന്ത്രിമാര്‍ ശബരിമലയിലേക്ക്
എല്ലാ ദിവസവും ആയിരം സ്ത്രീകള്‍; സമരരീതി മാറുന്നു; ബിജെപി മുഖ്യമന്ത്രിമാര്‍ ശബരിമലയിലേക്ക്

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പി. എല്ലാ ദിവസവും ആയിരം മുതിര്‍ന്ന സ്ത്രീകളെ സന്നിധാനത്തെത്തിക്കും. ശബരിമലയില്‍ വരുന്ന യുവതികളെ ഇവരെ ഉപയോഗിച്ച് തിരിച്ചയയ്ക്കും. പുരുഷന്മാര്‍ക്കുപകരം ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ആയിരം അമ്മമാരെ മുന്നില്‍നിര്‍ത്തി, സര്‍ക്കാര്‍ നിയന്ത്രണങ്ങളെ മറികടക്കുകയാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്

മണ്ഡലമകരവിളക്കിന് നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ നാമജപവുമായി സന്നിധാനത്തുണ്ടാകും.  ബി.ജെ.പി.യുടേയും എന്‍.ഡി.എ.യുടേയും രണ്ടാംഘട്ടസമരം ചൊവ്വാഴ്ച തുടങ്ങുകയാണ്.നട തുറന്നാല്‍ സന്നിധാനത്ത് അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 24 മണിക്കൂറില്‍ക്കൂടുതല്‍ ആരെയും നിര്‍ത്തരുതെന്നാണ് പോലീസിന്റെയും ശുപാര്‍ശ. ശബരിമലയും പരിസരവും അവിടേക്കുള്ള പാതകളും അതിസുരക്ഷാമേഖലയാക്കി പോലീസ് വലയത്തിലാക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടാകും.

നവംബര്‍ 16ന് വൈകീട്ട് അഞ്ചിനാണ് മണ്ഡലകാല തീര്‍ഥാടനത്തിന് ക്ഷേത്രം തുറക്കുന്നത്. ഡിസംബര്‍ 27ന് മണ്ഡലപൂജ കഴിഞ്ഞാല്‍ രണ്ടുദിവസം അടയ്ക്കുന്ന ക്ഷേത്രം 30ന് തുറക്കും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നത് ജനുവരി 20നാണ്. ഈ ദിവസങ്ങളില്‍ ഏതൊക്കെ പ്രദേശങ്ങളില്‍നിന്ന് സ്ത്രീകള്‍ എത്തണമെന്നത് ഉടന്‍ തീരുമാനിക്കും.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കും. ഇതിനും കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ബി.ജെ.പി.യുടെ എല്ലാ മുഖ്യമന്ത്രിമാരെയും തീര്‍ഥാടനകാലത്ത് ശബരമലയിലെത്തിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബറില്‍ അമിത് ഷാ കേരളത്തില്‍ പര്യടനത്തിന് എത്തുന്നുണ്ട്. ആ സമയത്ത് അദ്ദേഹവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയേക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com