കോടതി വിധിച്ചത് ജീവപര്യന്തം ശിക്ഷ, പക്ഷേ പി കെ കുഞ്ഞനന്തന്‍ വീട്ടില്‍ തന്നെ; പരോളായി കിട്ടിയത് 389 ദിവസമെന്ന് ആക്ഷേപം

2014 ജനുവരിയിലാണ് ടിപി കേസില്‍ കോടതി വിധി പറഞ്ഞത്. ജയിലില്‍ എത്തിയ കുഞ്ഞനന്തന്‍ ഇക്കാലയളവിനിടയില്‍ 389 ദിവസം പരോളില്‍ വീട്ടിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
കോടതി വിധിച്ചത് ജീവപര്യന്തം ശിക്ഷ, പക്ഷേ പി കെ കുഞ്ഞനന്തന്‍ വീട്ടില്‍ തന്നെ; പരോളായി കിട്ടിയത് 389 ദിവസമെന്ന് ആക്ഷേപം

 തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തനോട് സര്‍ക്കാര്‍ പ്രത്യേക മമത കാണിക്കുന്നുവെന്ന് ആക്ഷേപം. കുഞ്ഞനന്തന്റെ പരോള്‍ കാലാവധി രണ്ട് വട്ടം നീട്ടിയത് വീണ്ടും അഞ്ച് ദിവസം കൂടി നീട്ടിനല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

 2014 ജനുവരിയിലാണ് ടിപി കേസില്‍ കോടതി വിധി പറഞ്ഞത്. ജയിലില്‍ എത്തിയ കുഞ്ഞനന്തന്‍ ഇക്കാലയളവിനിടയില്‍ 389 ദിവസം പരോളില്‍ വീട്ടിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.  പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എല്ലാ മാസവും കുഞ്ഞനന്തന് പരോള്‍ അനുവദിക്കുന്നുവെന്ന് ആര്‍എംപി നേതൃത്വം നേരത്തെ തന്നെ ആക്ഷേപമുന്നയിച്ചിരുന്നു. 2016 ല്‍ 79 ദിവസവും 2017 ല്‍ 98 ദിവസവും പരോള്‍ ആയി ലഭിച്ചിരുന്നുവെന്ന് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ് സാധാരണ പരോളും എട്ട് അടിയന്തര പരോളും കുഞ്ഞനന്തന് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 

പത്ത് ദിവസത്തേക്ക് അനുവദിക്കുന്ന പരോള്‍ പ്രത്യേകാധികാരം ഉപയോഗിച്ച് ആഭ്യന്തര വകുപ്പ് 25 ദിവസമായി വര്‍ധിപ്പിക്കുകയായിരുന്നു. ഇത് 15 ദിവസം കൂടി നീട്ടി നല്‍കി. ഇത് പൂര്‍ത്തിയായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പരോള്‍ നീട്ടി നല്‍കിയതെന്നാണ് ആരോപണം. അഞ്ച് ദിവസം കഴിയുന്നതോടെ വീണ്ടും പരോള്‍ നീട്ടി നല്‍കാനാണ് ആഭ്യന്തര വകുപ്പ് പദ്ധതിയിടുന്നതെന്നാണ് ആരോപണം.

 ടി പി വധക്കേസില്‍ 13 ആം പ്രതിയാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തനെ കൂടാതെ പത്ത് പ്രതികള്‍ കൂടി ടി പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com