ട്യൂബ് മൂക്കിനുള്ളിലൂടെ കടത്തിവിട്ട് പശുവിന് ഗ്യാസ് അനസ്‌തേഷ്യ, കേരളത്തില്‍ ഇതാദ്യം; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടര്‍മാര്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th October 2018 08:25 PM  |  

Last Updated: 30th October 2018 08:25 PM  |   A+A-   |  

 

സ്ത്രക്രിയയ്ക്കായി മനുഷ്യന്മാര്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നത് പതിവാണ്.ചിലപ്പോള്‍ ചെറിയ ഓമനമൃഗങ്ങള്‍ക്ക് അനസ്‌തേഷ്യ നല്‍കിയ വാര്‍ത്തകളും കേട്ടിരിക്കും. വലിയ മൃഗങ്ങള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നത് അപൂര്‍വ്വമായി കേട്ടിരിക്കാനാണ് സാധ്യത. ഇപ്പോള്‍ അതും സര്‍വ്വ സാധാരണമാകാന്‍ പോകുന്നു എന്ന് സൂചന നല്‍കുന്നതാണ് വയനാട്ടില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.

പൂക്കോട് വെറ്റിനറി യൂണിവേഴ്‌സിറ്റിലെ ഡോക്ടര്‍മാരാണ് പശുവിന് അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയ നടത്തിയത്.  കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പശുവിനു ശസ്ത്രക്രിയ നടത്തുന്നത്. അകിടിനുള്ളില്‍ ട്യൂമര്‍ ബാധിച്ചതിനെത്തുടര്‍ന്നാണ് പുല്‍പള്ളിയില്‍നിന്നെത്തിച്ച പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ തീരുമാനിച്ചത്. സാധാരണഗതിയില്‍ ശസ്ത്രകിയ വേണ്ട ഭാഗം കുത്തിവെപ്പ് നല്‍കി തരിപ്പിക്കുകയാണ് നല്‍കാറ്. എന്നാല്‍ ഡോക്ടര്‍മാര്‍ ഒന്ന് മാറിചിന്തിക്കുയായിരുന്നു.

കുത്തിവയ്പിനു പകരം, ട്യൂബ് ഉപയോഗിച്ച് മൂക്കിനുള്ളിലൂടെ കടത്തിവിട്ടാണ് ഗ്യാസ് അനസ്‌തേഷ്യ ചെയ്തത്. കൂടുതല്‍ സുരക്ഷിതമാണെന്നതും മരുന്നുകളുടെ ഉപയോഗം കുറവാണെന്നതും വേഗത്തില്‍ ഫലം കിട്ടുമെന്നതുമാണു ഗ്യാസ് അനസ്‌തേഷ്യയുടെ പ്രത്യേകതയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ നടത്തുന്ന ശസ്ത്രക്രിയയ്ക്ക് അധികം സമയവുമെടുക്കില്ല. ഓമനമൃഗങ്ങള്‍ക്കായുള്ള ഗ്യാസ് അനസ്‌തേഷ്യ യന്ത്രത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ്  ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയത്.