നിലപാടില്‍ മാറ്റമില്ല; ആശയക്കുഴപ്പമുണ്ടാക്കാന്‍ നോക്കേണ്ട, ആ പരിപ്പ് വേവില്ലെന്ന് ചെന്നിത്തല

വിശ്വാസികളുടെ വികാരം മാനിച്ച് ഇങ്ങനെയൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല
നിലപാടില്‍ മാറ്റമില്ല; ആശയക്കുഴപ്പമുണ്ടാക്കാന്‍ നോക്കേണ്ട, ആ പരിപ്പ് വേവില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ ഏറെ ആലോചിച്ചെടുത്ത നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റേതും യുഡിഎഫിന്റേതുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വികാരം മാനിച്ച് ഇങ്ങനെയൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും അതു മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല യുവതി പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റേത് പുതിയ നിലപാടല്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് അത്. ഏതു മതത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ് ഇതാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷനുമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇവിടത്തെ സാഹചര്യത്തിന് അനുസരിച്ച് നിലപാടു സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധമാണ് കാണിക്കുന്നത്. 

യുവതിപ്രവേശനത്തെ അനുകൂലിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ ആശയക്കുഴപ്പമില്ല. വിധി വന്ന ഉടനെ വ്യക്തമാക്കിയ നിലപാടാണ് അത്. അതു ചൂണ്ടിക്കാട്ടി ആശയക്കുഴപ്പമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആ പരിപ്പ് ഇവിടെ വേവില്ലെന്ന് ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നാണ് ഇക്കണോമിക് ടൈംസുമായുള്ള അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ശബരിമല അതിവെകാരികമായ വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങുന്നു.സ്ത്രീയും പുരുഷരും തുല്യരാണ്. എല്ലായിടത്തും സ്ത്രീകള്‍ പോകണമെന്നതാണ് തന്റെ നിലപാടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com