സംഘര്‍ഷ സാധ്യത; ശബരിമലയില്‍ നവംബര്‍ 5ന് ജാഗ്രതാ നിര്‍ദ്ദേശം; നിയന്ത്രണം ഏറ്റെടുക്കാന്‍ പൊലീസ്

മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിത പൊലീസ് അടക്കം ആയിരത്തി അഞ്ഞൂറിലേറെ പൊലീസിനെ വിന്യസിക്കും
സംഘര്‍ഷ സാധ്യത; ശബരിമലയില്‍ നവംബര്‍ 5ന് ജാഗ്രതാ നിര്‍ദ്ദേശം; നിയന്ത്രണം ഏറ്റെടുക്കാന്‍ പൊലീസ്

തിരുവനന്തപുരം:നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്ക് ശബരിമല നട തുറക്കുമ്പോള്‍ സംസ്ഥാന വ്യാപക ജാഗ്രതക്ക് ഡി.ജി.പിയുടെ നിര്‍ദേശം. മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിത പൊലീസ് അടക്കം ആയിരത്തി അഞ്ഞൂറിലേറെ പൊലീസിനെ വിന്യസിക്കും. പമ്പയുടെ ചുമതലയില്‍ ഐ.ജി. എസ്. ശ്രീജിത്തിന് പകരം എം.ആര്‍. അജിത് കുമാറിനെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

തുലാമാസ പൂജ സമയത്തുണ്ടായ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന വിലയിരുത്തലിലാണ് ഡി.ജി.പിയുടെ ജാഗ്രതാ നിര്‍ദേശം. തീര്‍ത്ഥാടകരെയോ വാഹനങ്ങളോ വഴിതടഞ്ഞുള്ള പരിശോധന അനുവദിക്കില്ല. എല്ലാ ജില്ലയിലും പരമാവധി പൊലീസ് സേനയെ വിന്യസിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള സന്ദേശത്തില്‍ നിര്‍ദേശിച്ചു.  

തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത് കുമാറിനാണ് പമ്പയുടെ ചുമതല. സഹായത്തിന് എറണാകുളം റൂറല്‍ എസ്.പി രാഹൂല്‍ ആര്‍. നായരെയും നിയോഗിച്ചു. ഇതോടൊപ്പം മൂന്നാ തീയതി രാവിലെ മുതല്‍ ശബരിമലയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനായി ആറ്് മേഖലകളായി തിരിച്ച് വന്‍ പൊലീസ് വിന്യാസവും നടത്തും.  സന്നിധാനത്തിന്റെ ചുമതല ഐ.ജി പി. വിജയനാണ്. കൊല്ലം കമ്മീഷ്ണര്‍ പി.കെ. മധുവും സന്നിധാനത്തുണ്ടാവും. 

ഇരുന്നൂറ് പൊലീസിനെ സന്നിധാനത്ത് മാത്രം വിന്യസിക്കും. മരക്കൂട്ടത്ത് എസ്.പി വി. അജിതിന്റെ നേതൃത്വത്തില്‍ നൂറ് പൊലീസുണ്ട്. പമ്പയിലും നിലയ്ക്കലിലും  ഇരുന്നൂറ് വീതം പൊലീസും അമ്പത് വീതം വനിത പൊലീസും തമ്പടിക്കും. എരുമേലിയിലും വടശേരിക്കരയിലും ഓരോ എസ്.പിമാരുടെ നേതൃത്വത്തില്‍ നൂറ് പൊലീസ് വീതം അണിനിരക്കും. വനിത ബറ്റാലിയനിലെ അംഗങ്ങളെ കൂടാതെ വിവിധ ജില്ലകളില്‍ നിന്നായി 45 വനിത പൊലീസിനോടും തയാറാകാന്‍ നിര്‍ദേശം നല്‍കി. ഐ.ജി മനോജ് എബ്രാഹാമിനോട് പൂര്‍ണ മേല്‍നോട്ട ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com