'കാണിക്ക വഞ്ചികള്‍ ചുട്ടെരിക്കണം, ഒരു രൂപ പോലും അതില്‍ ഇടരുത് '; സര്‍ക്കാരിനെ ശിക്ഷിക്കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും  സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 09:37 AM  |  

Last Updated: 31st October 2018 09:41 AM  |   A+A-   |  

 

 കാഞ്ഞങ്ങാട്:  ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ ചുട്ടെരിച്ചാല്‍ മാത്രമേ അമ്പലങ്ങളെ സര്‍ക്കാരിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനാവൂവെന്ന് എംപിയും ചലച്ചിത്രതാരവുമായ സുരേഷ്‌ഗോപി. ഭക്തജനങ്ങള്‍ ഒരു രൂപ പോലും ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 

ഭക്തര്‍ തന്നെ മുന്‍കൈയ്യെടുത്ത് സ്വന്തമായി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കണമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും പണം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ഓര്‍മ്മപ്പെടുത്തലിനാണ് അയ്യപ്പസ്വാമി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയെ കൊണ്ട് ഈ വിധി പുറപ്പെടുവിച്ചത്.

 ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ വാതിലുകള്‍ തോറും വിശദീകരണം നല്‍കേണ്ടി വരുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ അയ്യപ്പനോട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങേയറ്റം വേദനയോടെയാണ് ഇത് പറയുന്നത്. സര്‍ക്കാരിനോട് യാതൊരു ശത്രുതയും തനിക്കില്ലെന്നും ഭീരുത്വം കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.