'കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കു മനുഷ്യന്മാര്‍ ഇങ്ങനെ പല ദുര്‍വ്യയങ്ങളും ചെയ്യും'

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 01:03 PM  |  

Last Updated: 31st October 2018 01:05 PM  |   A+A-   |  

 

കൊച്ചി: മൂവായിരം കോടി മുടക്കി നിര്‍മ്മിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. കര്‍ഷകരുടെയും ആദിവാസി ഗോത്രവിഭാഗങ്ങളുടെയും പ്രതിഷേധത്തിനിടെയാണ് പ്രധാനമന്ത്രി പ്രതിമ നാടിന് സമര്‍പ്പിച്ചത്. കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കു മനുഷ്യന്മാര്‍ ഇങ്ങനെ പല ദുര്‍വ്യയങ്ങളും ചെയ്യും. പ്രവൃത്തിയിലും ചിന്തയിലും ഉള്ളടക്കമുള്ളവര്‍ക്കല്ലാതെ കലയില്‍ മാത്രമായി ആ ഉള്ളടക്കം കൊണ്ടുവരാനാവില്ലെന്ന് ശാരദക്കുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു

3000കോടി ചെലവാക്കി, ഇങ്ങനെയൊരു പ്രതിമ, അനുവാചകരുമായി സംവദിക്കാതെ, ഒരു തരം കലാ വിശകലനത്തിനും ചരിത്ര വിശകലനത്തിനും നിമിത്തമാകാതെ , ആരുടെ ആന്തരികതയിലും ചലനങ്ങളുണ്ടാക്കാതെ, ഇവിടെയിങ്ങനെ നിലനില്‍ക്കും. മിഥ്യാ വിഗ്രഹങ്ങള്‍ തിരിച്ചു വരുമ്പോള്‍ ചില ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉണ്ടാകുന്ന താത്കാലിക ആഹ്ലാദങ്ങള്‍ക്കായി എന്നും ശാരദക്കുട്ടി കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

ശിവഗിരിയിലെ ശാരദാ വിഗ്രഹം പ്രതിഷ്ഠിക്കുമ്പോള്‍ ഗുരു ആഗ്രഹിച്ചത്, ഒരു കാലത്ത് അന്ധവിശ്വാസങ്ങളില്ലാതാകുമെന്നും അന്ന് കലാസൗന്ദര്യത്തിന്റെ, സൃഷ്ടിയിലെ തികവിന്റെ പേരില്‍ ഈ ശില്പം ആദരിക്കപ്പെടുമെന്നും ആസ്വദിക്കപ്പെടുമെന്നുമാണ്. മറ്റു ദീപാലങ്കാരങ്ങളില്ലാതെ തന്നെ, പകല്‍ മുഴുവന്‍ സൂര്യപ്രകാശം കടക്കുന്ന, വെളിച്ചം നിറഞ്ഞു നില്‍ക്കുന്ന ആ ശ്രീകോവില്‍സങ്കല്പത്തില്‍ ഒരു വിശാലതയുണ്ട്. വെളിച്ചത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും കലയെക്കുറിച്ചുമുളള ഉന്നതമായ ദര്‍ശനമുണ്ട്. നിഷ്‌കളങ്കരും നാട്യങ്ങളില്ലാത്തവരുമായ അനുവാചകരുടെ പോലും ലാവണ്യബോധത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കണം ശില്‍പമെന്നത് ഗുരുവിന്റെ വലിയ കാഴ്ചയാണ്. ധൈഷണികമായ അര്‍ഥഗ്രഹണത്തിനും വേണ്ടത്ര സാധ്യതകള്‍ ഗുരു , കണ്ണാടിയിലും കല്ലിലും പോലും ഒരുക്കി വെച്ചിരുന്നുവല്ലോ.

ഏതാണ്ട് 3000 കോടി രൂപ മുടക്കിയുണ്ടാക്കിയ സര്‍ദാര്‍ പട്ടേലിന്റെ നെടുങ്കന്‍ ശില്പം കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തതാണ്.,കാശുമാത്രം കയ്യിലുണ്ടാവുകയും ലാവണ്യബോധവും മാനവികതാ ബോധവും നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന കാലത്ത് ഉരുക്കു മനുഷ്യന്മാര്‍ ഇങ്ങനെ പല ദുര്‍വ്യയങ്ങളും ചെയ്യും. പ്രവൃത്തിയിലും ചിന്തയിലും ഉള്ളടക്കമുള്ളവര്‍ക്കല്ലാതെ കലയില്‍ മാത്രമായി ആ ഉള്ളടക്കം (Subject matter) കൊണ്ടുവരാനാവില്ല.

3000കോടി ചെലവാക്കി, ഇങ്ങനെയൊരു പ്രതിമ, അനുവാചകരുമായി സംവദിക്കാതെ, ഒരു തരം കലാ വിശകലനത്തിനും ചരിത്ര വിശകലനത്തിനും നിമിത്തമാകാതെ , ആരുടെ ആന്തരികതയിലും ചലനങ്ങളുണ്ടാക്കാതെ, ഇവിടെയിങ്ങനെ നിലനില്‍ക്കും. മിഥ്യാ വിഗ്രഹങ്ങള്‍ തിരിച്ചു വരുമ്പോള്‍ ചില ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉണ്ടാകുന്ന താത്കാലിക ആഹ്ലാദങ്ങള്‍ക്കായി.