ഗോഡൗണിലെ തീ നിയന്ത്രിക്കാനാവുന്നില്ല: സമീപ പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നു, മുഖ്യമന്ത്രി നാളെ പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 10:19 PM  |  

Last Updated: 31st October 2018 10:19 PM  |   A+A-   |  

 

 

തിരുവനന്തപുരം: കഴക്കൂട്ടത്തിന് സമീപം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണില്‍ ഉണ്ടായ തീപിടുത്തം അണക്കാനാകുന്നില്ല. രാത്രി വൈകിയും തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. വിഷപ്പുക ശ്വസിച്ച ഒരാളെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ ആളപായമില്ല. 

ഇതിനിടെ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയുടെ വേദി തകര്‍ന്നു. തീപിടിത്തം ഉണ്ടായ ഗോഡൗണിന് സമീപമായിരുന്നു വേദി. നാളെയായിരുന്നു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടി നിശ്ചയിച്ചിരുന്നത്. 

അതേസമയം, അഗ്‌നിശമന സേന ഇപ്പോള്‍ ഗോഡൗണിലെത്തി തീയണക്കാനുളള ഊര്‍ജ്ജിത ശ്രമം നടത്തുകയാണ്. എന്നാല്‍ തീ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. അഗ്‌നിബാധ തടയാന്‍ വെള്ളം ഒഴിക്കുന്നത് ഫലം കാണുന്നില്ല. ഒന്നര മണിക്കൂര്‍ കഴിഞ്ഞും തീ പടരുന്ന സാഹചര്യമാണുള്ളത്. ഗോഡൗണ്‍ പൂര്‍ണമായി കത്തിയമരുന്നു.  സമീപവാസികളെ ഒഴിപ്പിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. ഫാക്ടറിയില്‍ തുടര്‍ സ്‌ഫോടനങ്ങളും നടക്കുന്നതാണ് തീയണക്കുന്നതിന് തടസമാകുന്നത്. 

സംഭവ സ്ഥലത്തേക്ക് വിമാനത്താവളത്തില്‍ നിന്നും ഫയര്‍ എഞ്ചിനുകള്‍ പുറപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും സ്ഥലത്തെത്തി. ജില്ലാ പൊലീസ് കമ്മീഷണര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നു. സംഭവസ്ഥലത്ത് ജില്ലയിലെ എല്ലാ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നും ഫയര്‍ എഞ്ചിന്‍ എത്തിയിട്ടുണ്ട്.