ശബരിമല യോഗം : ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടുനിന്നു ; എത്തിയത് ഉദ്യോഗസ്ഥര്‍ മാത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st October 2018 10:44 AM |
Last Updated: 31st October 2018 10:46 AM | A+A A- |

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു മന്ത്രി പോലും യോഗത്തിനെത്തിയില്ല. പകരം ഉദ്യോഗസ്ഥരെയാണ് അയച്ചത്.
തമിഴ്‌നാട്ടില്‍ നിന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി യോഗത്തിനെത്തിയപ്പോള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കാനെത്തി. മന്ത്രിമാര്‍ പങ്കെടുക്കാത്തതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ മറ്റു മന്ത്രിമാരൊന്നും എത്താത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്ഘാടത്തിന് എത്തില്ലെന്ന് ഓഫീസ് ദേവസ്വം ബോര്‍ഡ് അധികൃതരെ അറിയിച്ചതായാണ് സൂചന. ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തേക്കില്ല. പകരം സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാകും യോഗം നിയന്ത്രിക്കുക. ഇന്ന് രാവിലെ പത്തരക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം വിളിച്ചത്. ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശന വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം.