ശബരിമല : ദര്‍ശനത്തിനുള്ള പോര്‍ട്ടല്‍ വിജയമാകുന്നു, ഇന്നലെ  ബുക്ക് ചെയ്തത് 35,000 പേര്‍, സ്ത്രീപ്രവേശനത്തിനെതിരായ സംഘര്‍ഷത്തില്‍ അറസ്റ്റ് തുടരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2018 03:06 PM  |  

Last Updated: 31st October 2018 03:06 PM  |   A+A-   |  

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി പൊലീസ് സജ്ജമാക്കിയ പോര്‍ട്ടല്‍ വന്‍ ജനപ്രീതി നേടുന്നു. പൊലീസിന്റെ പോര്‍ട്ടല്‍ വഴി ഇന്നലെ മാത്രം 35,000 പേര്‍ ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്‌തെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡിജിപി. 

'നിരവധി പേര്‍ ആശങ്കയോടെയാണ് വിളിക്കുന്നത്. ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല.' സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഓണ്‍ലൈന്‍ ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലക്കലില്‍ എത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശനത്തിനുളള സമയം തിരഞ്ഞെടുക്കുന്നതും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി സി യും കേരള പോലീസും ചേര്‍ന്നാണ് ഈ സംവിധാനം ഒരുക്കിയത്.

www .sabarimalaq.com എന്ന പോര്‍ട്ടലില്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ലിങ്കില്‍ പോയി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ദര്‍ശന സമയവും ലഭ്യമാകുന്നു. www.keralartc.com എന്ന വൈബ്‌സൈറ്റില്‍ നേരിട്ടും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഒരു ടിക്കറ്റില്‍ പത്തു പേര്‍ക്ക് വരെ ബുക്ക് ചെയ്യാം. ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു പ്രിന്റ് എടുത്ത് യാത്രക്കായി കൊണ്ടുവരേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. 

അതിനിടെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പൊലീസ് നടപടി തുടരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം 3632 ആയി. ഇന്നലെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തത് 75 പേരെയാണ്. 542 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.