15 വര്‍ഷം പഴക്കമുള്ള മൃതദേഹം പൊന്തിവന്നു; കടല്‍തീരത്ത് ഉപേക്ഷിച്ച് ബന്ധുക്കള്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 05:22 AM  |  

Last Updated: 31st October 2018 05:22 AM  |   A+A-   |  

body-part

പരവൂര്‍: പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് മൃതദേഹാവശിഷ്ടം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 15 വര്‍ഷം പഴക്കമുള്ള മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം കടലില്‍ ഒഴുക്കുന്നതിനായിട്ടാണ് മൃതദേഹം കൊണ്ടുവന്നത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. 

പേരൂര്‍ മേലേവിള പുത്തന്‍വീട്ടില്‍ സുരലാലിന്റെ മൃതദേഹമായിരുന്നു അത്. 2003ല്‍ ഒമാനില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് സുരലാല്‍ മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം വീടും പറമ്പും വൃത്തിയാക്കുന്നതിന് ഇടയില്‍ മൃതദേഹം പൊങ്ങിവന്നു. 

ഇതോടെ എന്ത് ചെയ്യണം എന്ന ചോദ്യവുമായി വീട്ടുകാര്‍ ജോത്സ്യന്റെ പക്കലെത്തി. കടലില്‍ ഒഴുക്കാനായിരുന്നു ജോത്സ്യന്റെ നിര്‍ദേശം. ഇതനുസരിച്ച് കടലില്‍ ഒഴുക്കാന്‍ കൊണ്ടുവന്നതായിരുന്നു മൃതദേഹം. മൃതദേഹം ഉപേക്ഷിച്ചു പോയി അനാദരവ് കാട്ടിയവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ചുവപ്പും, വെള്ളയും തുണി ഉപയോഗിച്ച് മൃതദേഹം പൊതിഞ്ഞ നിലയിലായിരുന്നു. ശരീരഭാഗങ്ങള്‍ ഇളകി വീണിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശരീരമാണ് ഇതെന്ന് ഫോറന്‍സിക് പരിശോധനയില്‍ നിന്നും വ്യക്തമായിട്ടുണ്ട്.