എം സ്വരാജിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; പൊലീസ് കൈമലര്‍ത്തി; ഡിവൈഎഫ്‌ഐ നേതാവിനെതിരെ പീഡന പരാതി ഉയര്‍ത്തിയ പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 12:15 PM  |  

Last Updated: 31st October 2018 12:15 PM  |   A+A-   |  

 

തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ച കേസില്‍ പൊലീസില്‍ നീതി ലഭിക്കുന്നില്ലെന്ന് പരാതിക്കാരി. സംഭവുമായി ബന്ധപ്പെട്ട് സപ്തംബര്‍ നാലിന് പൊലീസ് കേസെടുത്തിരുന്നു. ഒക്ടോബര്‍ ഒന്‍പതിന് രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് പരാതിക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ നേതാവിനെതിരെ ആദ്യം പരാതി നല്‍കിയത് പാര്‍ട്ടിക്കാണ്. പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം സ്വരാജിനും പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടായില്ലെന്ന് ഇരയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിന് ജാമ്യം നിഷേധിച്ചിട്ടും തുടര്‍ നടപടിയുണ്ടായില്ല. പാര്‍ട്ടിക്കാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇടപെടാനാവാത്തതെന്ന് ഡിവൈഎസ്പി പറഞ്ഞതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എ ഹോസ്റ്റലില്‍ വെച്ചാണ് ഡിവൈഎഫ്‌ഐ നേതാവ് ജീവലാല്‍ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം.പീഡനശ്രമം നടന്നതായി പരാതിയില്‍ പറയുന്ന ദിവസം ജീവലാല്‍ തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ താമസിച്ചതായി കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണന്റെ മുറിയിലാണ് ജീവലാല്‍ താമസിച്ചത്. 

ഈ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയിലും പറയുന്നത്. എം.എല്‍.എ ഹോസ്റ്റലിലെ സന്ദര്‍ശക ലിസ്റ്റുകള്‍ പരിശോധിച്ചപ്പോഴാണ് തെളിവുകള്‍ ലഭിച്ചത്. പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പൊലീസ് എടുത്തിരുന്നു.ഇതിന് പിന്നാലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ ജീവലാലിനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു.

കഴിഞ്ഞ ജുലൈ ഒന്‍പതിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങ്ങിന് സീറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ യുവതി തിരുവനന്തപുരത്ത് പോയിരുന്നു. കൂടെ കൂട്ട് വന്നത് ജീവലാലായിരുന്നു.