ബല്‍റാമിനെതിരെ മുല്ലപ്പള്ളി; രാഹുല്‍ ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി ബന്ധപ്പെടുത്തിയത് നാണംകെട്ട പരാമര്‍ശം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st October 2018 11:37 AM  |  

Last Updated: 31st October 2018 11:40 AM  |   A+A-   |  

 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെ താരതമ്യപ്പെടുത്തിയ വിടി ബല്‍റാമിന്റെ പരാമര്‍ശം നാണം കെട്ടതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കഴിഞ്ഞ ദിവസം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് കെപിസിസി പ്രസിഡന്റ് രംഗത്തെത്തിയത്.

ശബരിമല വിഷയത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലവിലെ സമരം തുടരുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തുന്ന ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയുമായി  നടത്തുന്ന കൂടിക്കാഴ്ചയ്ക്കിടയില്‍ കേരളത്തിലെ വികാരം പ്രസിഡന്റിനെ അറിയിക്കും. 

ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉള്‍ക്കൊണ്ട് നിലപാടെടുക്കാനുള്ള കോണ്‍ഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വര്‍ഗീയമായി നെടുകെപ്പിളര്‍ക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സര്‍ക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്. എന്നാല്‍ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചിലര്‍ക്ക് പാര്‍ട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.

ഓര്‍ക്കുക; രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്.