ഇത്തവണ സിബിഎസ്ഇ കലോല്‍സവം നടത്തില്ല: തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഇപ്പോള്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകളിലെ കലോല്‍സവം നടത്തേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍.
ഇത്തവണ സിബിഎസ്ഇ കലോല്‍സവം നടത്തില്ല: തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയം വരുത്തിവെച്ച ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരോടൊപ്പമാണ് എല്ലാവരും. മഹാപ്രളയത്തില്‍ കേരളം തകര്‍ന്നുപോയി. ഇനി സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. ഓരോ വ്യക്തികളും സംഘടനകളും അതിന് വേണ്ടി കയ്യഴിഞ്ഞ് പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഓണാഘോഷങ്ങള്‍ ഉള്‍പ്പെടെ വേണ്ടെന്ന് വെച്ചു.

ഇപ്പോള്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകളിലെ കലോല്‍സവം നടത്തേണ്ടെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഇതിനു വേണ്ടി നീക്കി വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവെച്ചു. ഇതുസംബന്ധിച്ച് തിരുവനന്തപുരം മേഖലാ ഓഫിസര്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശം അയച്ചിട്ടുണ്ട്. 

കലോല്‍സവത്തിനായി സ്‌കൂള്‍ ചാനലുകളില്‍ വീഡിയോ അപ്ലോഡ് ചെയ്ത വിദ്യാര്‍ത്ഥികളുടെ പ്രകടനം സ്‌കൂളില്‍ തന്നെ വിലയിരുത്താനാണ് തീരുമാനം. തുടര്‍ന്ന് ഇവരുടെ പേരുകള്‍ സ്‌കൂള്‍ വെബ്‌സൈറ്റിലോ നോട്ടീസ് ബോര്‍ഡിലോ പ്രസിദ്ധീകരിക്കാം. 

കൂടാതെ എല്ലാ സ്‌കൂളിലും ഓരോ ക്ലാസുകാര്‍ ഒരു കുടുംബത്തിനെ ഏറ്റെടുത്ത് ഒരു വര്‍ഷത്തേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് കൊടുക്കാന്‍ ശ്രമിക്കണം. അങ്ങനെയെങ്കില്‍ ഒരു മേഖലയ്ക്ക് കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളും ചേര്‍ന്ന് 32400 കുടുംബങ്ങളിലേക്കും സഹായമെത്തിക്കാനാകും. 

സ്‌കൂളുകളിലെ കഴിഞ്ഞ വര്‍ഷത്തെ നീക്കിയിരിപ്പ് തുകയും ഇക്കൊല്ലം ഏപ്രിലിന് ശേഷം പിരിച്ച അംഗത്വ ഫീസും ഉപയോഗിക്കാം. എന്നാല്‍ കൂടുതല്‍ തുക നല്‍കാന്‍ താല്‍പര്യമുള്ള മാനേജ്‌മെന്റുകള്‍ക്ക് ധനസമാഹരണം നടത്താമെങ്കിലും കുട്ടികളില്‍ നിന്നും ഈ തുക ഈടാക്കാന്‍ പാടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com