ഒരു മീന്‍, തൂക്കം 35 കിലോ;  പ്രളയം സമ്മാനിച്ച മീനുകള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍

വമ്പന്‍ മീനുകളെ കണ്ട് നാട്ടുകാര്‍ ആവേശം കൊള്ളുന്നുണ്ടെങ്കിലും ഈ വരുത്തന്മാര്‍ നാട്ടിലെ മീനുകള്‍ക്ക് വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍
ഒരു മീന്‍, തൂക്കം 35 കിലോ;  പ്രളയം സമ്മാനിച്ച മീനുകള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍

35 കിലോ ഭാരമുള്ള മീന്‍. ചാലക്കുടിയില്‍ നിന്നു പിടിച്ച ഒരു ഭീമന്‍ മത്സ്യമാണിത്. ആള് നാടന്‍ ഒന്നുമല്ല, അരപൈമ എന്ന വിദേശിമത്സ്യമാണ്. കേരളത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ശുദ്ധജലമീനാണിത്. ചാലക്കുടിയില്‍ മാത്രമല്ല, ഒട്ടുമിക്ക നാട്ടിലേയും അവസ്ഥ ഇതുതന്നെയാണ്. കണ്ടാല്‍ കണ്ണുതള്ളുന്ന മീനുകളുടെ ചാകരയാണ് പല പുഴകളിലും. പ്രളയജലത്തിനൊപ്പം നാട്ടിലേക്ക് വന്ന് കയറിയ അതിഥികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.

പാമ്പും ചീങ്കണ്ണിയും ഉള്‍പ്പെടെ പേരും ഊരും അറിയാത്ത നിരവധി ജീവികള്‍ അണക്കെട്ടില്‍ നിന്ന് പുഴയിലേക്ക് എത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പലരും കേട്ടത്. എന്നാല്‍ ഇപ്പോള്‍ ഞെട്ടിക്കുന്നത് വമ്പന്‍ വിദേശ മത്സ്യങ്ങളാണ്. നമുക്ക് പരിചയമില്ലാത്ത നിരവധി മീനുകളാണ് പ്രളയത്തിലൂടെ പുഴയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ മീനുകളെ കണ്ട് നാട്ടുകാര്‍ ആവേശം കൊള്ളുന്നുണ്ടെങ്കിലും ഈ വരുത്തന്മാര്‍ നാട്ടിലെ മീനുകള്‍ക്ക് വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. 

വിദേശ മീനുകള്‍ പുഴയില്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ നാടന്‍മീനുകള്‍ വ്യാപകമായി കൊന്നൊടുക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അണക്കെട്ടുകളില്‍ നിന്നും ഫാമുകളില്‍ നിന്നും മറ്റുമായി ലക്ഷക്കണക്കിന് വിദേശമീനുകളാണ് നാട്ടിലെ പുഴകളിലേക്കും മറ്റ് ജലാശയങ്ങളിലേക്കും എത്തിയിരിക്കുന്നത്. അക്വാറിയങ്ങളിലെ മീനുകളും വലിയതോതില്‍ എത്തിയിട്ടുണ്ട്. ഇത്തരം മീനുകള്‍ ആധിപത്യം സ്ഥാപിച്ചാല്‍ പുഴയില്‍ സ്ഥിരമായി കാണുന്ന ചെറുമീനുകള്‍ ഇല്ലാതെയാവുന്ന അവസ്ഥയിലെത്തിച്ചേരും. 

റെഡ് ബെല്ലി എന്ന വിദേശ മീനാണ് ഏറ്റവും കൂടുതല്‍ നാട്ടില്‍ ഇറങ്ങിയിരിക്കുന്നത്. തെക്കേ അമേരിക്കയില്‍ നിന്നുള്ള ഈ മീന്‍ വ്യാപകമായി കുട്ടനാട്ടെ ഫാമുകളില്‍ വളര്‍ത്തിയിരുന്നു. മറ്റു മീനുകളും പുഴക്കരയിലെ സസ്യങ്ങളുടെ ഇലകളുമെല്ലാമാണ് ഇവയുടെ പ്രധാന ആഹാരം. കൂടാതെ നാടന്‍ മീനുകളുടെ മുട്ടകളും വ്യാപകമായി അകത്താക്കും. 

ആഫ്രിക്കന്‍ മുഷിയാണ് നാടന്‍ മീനുകള്‍ക്ക് ഭീഷണിയാകുന്ന മറ്റൊന്ന്. ഇതിനെ വളര്‍ത്തുന്നതുപോലും നിയമവിരുദ്ധമാണ്. എന്നാല്‍ സംസ്ഥാനത്തെ 15 ഓളം ഡാമുകളിലാണ് ഇത് അനധികൃതമായി വളര്‍ത്തിയിരുന്നത്. തുടര്‍ന്ന് പ്രളയശേഷം പെരിയാര്‍, ചാലക്കുടി പുഴകളില്‍ വ്യാപകമായാണ് ഇതിനെ കണ്ടെത്തിയത്. 20 കിലോയോളം വളരുന്ന ഈ മീന്‍ കിട്ടുന്ന എന്ത് മാംസവും ഭക്ഷണമാക്കും. തിലോപ്പിയ, മലേഷ്യന്‍ വാള തുടങ്ങിയ മീനുകളും പുഴകളില്‍ എത്തിയിട്ടുണ്ട്. സക്കര്‍ ക്യാറ്റ് ഫിഷ്, ത്രീസ്‌പോട്ട് ഗൗരാമി തുടങ്ങിയ അക്വോറിയം മീനുകളും പുഴയിലേക്ക് കടന്നിട്ടുണ്ട്. ഇവ നാടന്‍ മീനുകളുടെ മുട്ട തിന്നുന്നവയാണ്. ത്രീ സ്‌പോട്ട് ഗൗരാമി എന്ന ഇനം മീന്‍ വലകള്‍ വലിച്ചുകീറും. 

അധിനിവേശ മീനുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നത് പുഴയിലെ ആവാസവ്യവസ്ഥയെ തന്നെ തകരാറിലാക്കും. നിയന്ത്രണാതീതമായി വിദേശ മീനുകള്‍ വളരുന്നത് മീനുകളുടെ പൂര്‍ണ നാശത്തിലേക്ക് വഴിതുറക്കാനും കാരണമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com