കാർഡ് നഷ്ടപ്പെട്ടാലും അക്കൗണ്ടിൽ പണം സുരക്ഷിതം; ഷോപ്പിങ്ങിന് അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഓർക്കേണ്ടതില്ല

രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് (ഐ.പി.പി.ബി) ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
കാർഡ് നഷ്ടപ്പെട്ടാലും അക്കൗണ്ടിൽ പണം സുരക്ഷിതം; ഷോപ്പിങ്ങിന് അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഓർക്കേണ്ടതില്ല

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് (ഐ.പി.പി.ബി) ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയിലെ ബാങ്കിങ് മേഖലയുടെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവാണ് പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് സംവിധാനം. കേരളത്തിലെ 14 എണ്ണം ഉള്‍പ്പെടെ രാജ്യത്താകെ 650 ശാഖകളിലായാണ് ഇന്ന് പ്രവര്‍ത്തനം തുടങ്ങുന്നത്. ഡിസംബര്‍ 31ന് മുന്‍പ് 1,55,000 തപാല്‍ ഓഫീസുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. അതോടെ 100 ശതമാനം സാമ്പത്തിക സാക്ഷരതയിലേക്കുള്ള പാതയില്‍ രാജ്യത്തിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഏറ്റവും കൂടുതല്‍ ബാങ്ക് ശാഖകളുള്ള രാജ്യം എന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തമാകും. 

നിലവില്‍ 1,40,000 ബാങ്ക് ശാഖകളാണ് രാജ്യത്തുടനീളമുള്ളത്. ഇത് 2,95,000ആയു ഉയരും. രാജ്യത്തെ ഏതാണ്ടെല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നിലവില്‍ എല്ലാ ബാങ്കുകൾക്കുമായി 49,000 മാത്രമാണ് ഗ്രാമീണ ശാഖകൾ. ഇത് 1,75,000 ആകും.

സ്വകാര്യ മേഖലയിലേതുൾപ്പെടെ ഏതു വാണിജ്യ ബാങ്കും വാഗ്‌ദാനം ചെയ്യുന്ന അത്യാധുനിക സേവനങ്ങൾ നൽകാൻ സജ്‌ജമായാണ് പോസ്‌റ്റ് ബാങ്ക് ആരംഭിക്കുന്നത്. കൗണ്ടർ സേവനങ്ങൾക്കു പുറമെ ഡിജിറ്റൽ മൊബൈൽ ആപ് സേവനങ്ങളും ലഭ്യമായിരിക്കും. അക്കൗണ്ട് ഉടമകൾക്കു ലഭ്യമാക്കുന്ന ‘ക്യൂആർ കാർഡ്’ (ക്വിക് റെസ്‌പോൺസ് കാർഡ്) പോസ്‌റ്റ് ബാങ്കിന്റെ സവിശേഷതയാണ്. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഒന്നും ഓർത്തുവയ്‌ക്കാതെ തന്നെ ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും നടത്താൻ സഹായിക്കുന്ന സംവിധാനമാണു ക്യൂആർ കാർഡ്. ബയോമെട്രിക് കാർഡായതിനാൽ നഷ്‌ടപ്പെട്ടാലും അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും.

സേവനങ്ങൾ ഇടപാടുകാരുടെ വാതിൽപ്പടിയിൽ ലഭ്യമാക്കുന്നുവെന്നതും സവിശേഷതയാണ്. മൂന്നു ലക്ഷത്തോളം വരുന്ന തപാൽ ജീവനക്കാരെയാണ് ഇതിനു നിയോഗിക്കുന്നത്. ഫീസ് ഈടാക്കിയാണു വാതിൽപ്പടി സേവനം. രണ്ടു വർഷത്തിനകം ബാങ്ക് ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷ. വായ്‌പ നൽകില്ലെന്നതിനാൽ മറ്റു ബാങ്കുകൾ നേരിടുന്ന കിട്ടാക്കടം എന്ന പ്രശ്‌നം ഐപിപിബിയെ ബാധിക്കില്ല. ഇന്ത്യ പോസ്‌റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകാർക്ക് ഒരു ലക്ഷത്തിനു മേൽ വരുന്ന നിക്ഷേപത്തുക അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്ന പോസ്‌റ്റൽ സേവിങ്‌സ് അക്കൗണ്ടിലേക്കു മാറ്റാനും സൗകര്യമുണ്ട്. 

തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂർ, പാലക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, ഉപ്പള എന്നിവയാണ് ഇന്ന് പ്രവർത്തനം ആരംഭിക്കുന്ന 14 ശാഖകൾ. ഇതിന് പുറമെ തപാൽ വകുപ്പിന്റെ സംസ്‌ഥാനത്തെ 74 ഓഫീസുകൾ ബാങ്കിന്റെ ‘അക്‌സസ് പോയിന്റു’കളായി പ്രവർത്തിക്കും. എറണാകുളം ജില്ലയിൽ ഒൻപതും മറ്റു ജില്ലകളിൽ അഞ്ച് വീതവുമാണ് അക്‌സസ് പോയിന്റുകൾ.

സേവനങ്ങൾ

1 സേവിങ്‌സ് ബാങ്ക് അക്കൗണ്ട്: കുറഞ്ഞ പ്രായം 10. അക്കൗണ്ട് തുടങ്ങാൻവേണ്ട കുറഞ്ഞ തുക 100 രൂപ. മിനിമം ബാലൻസ് നിബന്ധന ഇല്ല. 

2 കൂടിയ നിക്ഷേപം: 1,00,000 രൂപ. പലിശ നിരക്ക് നാല് ശതമാനം. ക്യൂആർ കാർഡ് സൗജന്യം.

3 കറന്റ് അക്കൗണ്ട്: അക്കൗണ്ട് തുടങ്ങാൻവേണ്ട കുറഞ്ഞ തുക 1000 രൂപ. മിനിമം ബാലൻസ് 1000 രൂപ. കൂടിയ നിക്ഷേപം: 1,00,000 രൂപ. പലിശ ഇല്ല. ക്യൂആർ കാർഡ് സൗജന്യം.

4 ഡോർ സ്‌റ്റെപ് ബാങ്കിങ്: 2000 രൂപ വരെയുള്ള ഇടപാടുകൾക്കു ഫീസ് 15 രൂപ. 2000 – 5000: 25 രൂപ. 5000 – 10,000: 35 രൂപ. 10,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ സാധ്യമല്ല.

5 ക്യുആർ കാർഡ്: ബയോമെട്രിക് സാങ്കേതികവിദ്യ അടിസ്‌ഥാനമാക്കിയുള്ള ക്വിക് റെസ്‌പോൺസ് കാർഡ് ഉപയോഗിച്ചു ഫണ്ട് ട്രാൻസ്‌ഫർ, ബിൽ പേയ്‌മെന്റ്, ഷോപ്പിങ് എന്നിവ നടത്താം. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഓർക്കേണ്ട ബാധ്യതയില്ല. ബയോമെട്രിക് ആയതിനാൽ നഷ്‌ടം വന്നാലും അക്കൗണ്ട് സുരക്ഷിതമായിരിക്കും.

6 ഡിജിറ്റൽ സേവിങ്‌സ് അക്കൗണ്ട്: 18 വയസ്സു പിന്നിട്ട ആർക്കും ഐപിപിബി മൊബൈൽ ആപ് ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കാം. ആധാർ, പാൻ കാർഡ് എന്നിവ നിർബന്ധം.

7 മൊബൈൽ ബാങ്കിങ്, ഫോൺ ബാങ്കിങ് (ഇന്റർ ആക്‌ടീവ് വോയ്‌സ് റെസപോൺസ് / കോൾ സെന്റർ), എസ്‌എംഎസ് ബാങ്കിങ്, മിസ്‌ഡ് കോൾ ബാങ്കിങ് തുടങ്ങിയവ.

8 ആർടിജിഎസ്, നെഫ്‌റ്റ്, ഐഎംപിഎസ് മാർഗങ്ങളിലൂടെയുള്ള ഫണ്ട് ട്രാൻസ്‌ഫർ.

9 വൈദ്യുതി, ഫോൺ തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട ബില്ലുകൾ അടയ്‌ക്കാനുള്ള സൗകര്യം.

10 മറ്റു സ്‌ഥാപനങ്ങളുടെ വായ്‌പ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ സേവനങ്ങൾ പ്രയോജനപ്പെടുത്താനുള്ള സൗകര്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com