സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി പടരുന്നു ; കോഴിക്കോട് ഇന്ന് രണ്ട് മരണം, ആലപ്പുഴയില്‍ നാലുപേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു 

പ്രളയക്കെടുതിക്ക് പിന്നാലെ, സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി പടരുന്നു
സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി പടരുന്നു ; കോഴിക്കോട് ഇന്ന് രണ്ട് മരണം, ആലപ്പുഴയില്‍ നാലുപേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു 

കോഴിക്കോട് : പ്രളയക്കെടുതിക്ക് പിന്നാലെ, സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി പടരുന്നു. കോഴിക്കോട് എലിപ്പനി ബാധിച്ച് ഇന്ന് രണ്ടുപേര്‍ മരിച്ചു. കാരന്തൂര്‍ സ്വദേശി കൃഷ്മന്‍, മുക്കം സ്വദേശി ശിവദാസന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 25ആയി. 

കോഴിക്കോട് ജില്ലയില്‍ മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. എലിപ്പനി രോഗ ലക്ഷണങ്ങളോടെ ജില്ലയില്‍ നൂറു കണക്കിന് ആളുകളാണ് ചികില്‍സ തേടിയിട്ടുള്ളത്. എലിപ്പനി രോഗ ബാധിതരെ ചികില്‍സിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. 

ആലപ്പുഴയില്‍ നാലുപേര്‍ക്കും എലിപ്പനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു നാലുപേര്‍ക്ക് കൂടി എലിപ്പനിക്ക് സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്ന സ്ത്രീ കഴിഞ്ഞദിവസം എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. ജില്ലയില്‍ രോഗബാധ ലക്ഷണങ്ങളോടെ 35 ഓളം പേര്‍ ചികില്‍സ തേടിയിട്ടുണ്ട്. മൂന്നുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 

എറണാകുളം ജില്ലയില്‍ എലിപ്പനി ബാധിച്ച് ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു. ഇതോടെ ജില്ലിയല്‍ എലിപ്പനി മരണം രണ്ടായി. രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ ഉള്‍പ്പെടെ 11 പേര്‍ ചികില്‍സയിലുണ്ട്. തൃശൂരിലും എവലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. 

തിരുവനന്തപുരത്ത് രണ്ടുപേരും കാസര്‍കോട്ട് മൂന്നുപേരും, ഇടുക്കിയില്‍ ഒരാളും എലിപ്പനി ബാധ സ്ഥിരീകരിച്ച് ചികില്‍സയിലുണ്ട്. കണ്ണൂരില്‍ 11 പേരും, പത്തനംതിട്ടയില്‍ എട്ടുപേര്‍ക്കും മലപ്പുറത്ത് ഒമ്പതുപേര്‍ക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 

എലിപ്പനി വ്യാപകമായതോടെ, കേന്ദ്ര ആരോഗ്യമന്ത്രാലം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രസംഘം ഉടന്‍ സംസ്ഥാനത്തെത്തുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com