123 വില്ലേജുകളിലെ 13,056 ചതുരശ്ര കിലോമീറ്റര്‍ ഇനി പരിസ്ഥിതിലോല മേഖല

കസ്തൂരിരംഗന്‍ കരടുറിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്ത പരിസ്ഥിതി ലോല മേഖലകളില്‍ (ഇ.എസ്.എ.) മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍
123 വില്ലേജുകളിലെ 13,056 ചതുരശ്ര കിലോമീറ്റര്‍ ഇനി പരിസ്ഥിതിലോല മേഖല

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കരടുറിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്ത പരിസ്ഥിതി ലോല മേഖലകളില്‍ (ഇ.എസ്.എ.) മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഇ.എസ്.എ.യില്‍ നിന്ന് 1343 ചതുരശ്രകിലോമീറ്റര്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുന്നതാണ് ഉത്തരവ്.

കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു ജസ്റ്റിസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കരടുവിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതിനാല്‍ ആറുമാസത്തിനകം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോല മേഖലയില്‍നിന്ന് ഏലമലക്കാടുകള്‍, ചതുപ്പുകള്‍, പട്ടയഭൂമി എന്നിവയുള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 2017ലെ കരടുവിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ഇതു പുനഃപ്രസിദ്ധീകരിക്കാമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. എന്നാല്‍, ആറുമാസത്തിനകം അന്തിമവിജ്ഞാപനം ഇറക്കണം. ട്രിബ്യൂണലിന്റെ അനുമതിയില്ലാതെ പരിസ്ഥിതിലോല മേഖലയില്‍നിന്നു പ്രദേശങ്ങളെ ഒഴിവാക്കരുത്.

അന്തിമവിജ്ഞാപനം വരുന്നതുവരെ കരടുവിജ്ഞാപനത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ പദ്ധതികള്‍ക്കു പാരിസ്ഥിതികാനുമതിയും നല്‍കരുത്. വലിയ സമ്മര്‍ദത്തിലാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ പശ്ചിമഘട്ടമേഖല സംരക്ഷിക്കപ്പെടണമെന്നും ഖനനം നിയന്ത്രിക്കണമെന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതും ട്രിബ്യൂണല്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

പ്രളയശേഷം പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് കേരളത്തില്‍ വ്യാപകമായി ചര്‍ച്ചകളുണ്ടാവുന്നതിനിടെയാണ് പുതിയ ഉത്തരവ്. പരിസ്ഥിതിക്കു യോജിച്ച രീതിയില്‍ കേരളത്തില്‍ പുനര്‍നിര്‍മാണം വേണമെന്ന് വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനത്തിലെ വികാരവും പരിസ്ഥിതിസംരക്ഷണത്തില്‍ ഊന്നിയുള്ളതായിരുന്നു.

പരിസ്ഥിതിലോല മേഖല 9999 ആയി തുടരും

* കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരടുവിജ്ഞാപനം ഇറങ്ങിയത് 2013ല്‍. 123 വില്ലേജുകളിലെ 13,056 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചു

* വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പലകുറി കരടുവിജ്ഞാപനം പുതുക്കി. 2017 ഫെബ്രുവരി 27ന് ഇറക്കിയ കരടില്‍ ഇ.എസ്.എ. 9999 ചതുരശ്ര കിലോമീറ്ററായി കുറച്ചു.

* ഇതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം. അവശേഷിച്ചത് വനയിതര പ്രദേശവും

* ഇതില്‍ വനയിതര മേഖലകള്‍കൂടി റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് കേരളത്തിന്റെ ആവശ്യം പിന്നീട് കേന്ദ്രം അംഗീകരിച്ചു.

* ഏലമലക്കാടുകള്‍, ചതുപ്പുകള്‍, പട്ടയഭൂമി എന്നിവ ഉള്‍പ്പെടുന്ന 424 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്ന ആവശ്യം വീണ്ടും കേരളം മുന്നോട്ടുവെച്ചു. നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കരടുവിജ്ഞാപനത്തില്‍ മാറ്റംവരുത്തരുതെന്ന ട്രിബ്യൂണല്‍ നിര്‍ദേശം.

* ട്രിബ്യൂണല്‍ ഉത്തരവോടെ സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം 9107 ചതുരശ്ര കിലോമീറ്ററാക്കി ഇ.എസ്.എ. ചുരുക്കിയ കേന്ദ്രനടപടി റദ്ദാകും.

* ഫലത്തില്‍ സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖല 9999 ചതുരശ്ര കിലോമീറ്ററായി തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com