ഒരു നേരത്തെ ആഹാരം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ; നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന്റെ കുറ്റസമ്മതം

കുഞ്ഞിന് ഒരു നേരത്തെ ആഹാരം വാങ്ങിക്കൊടുക്കാന്‍ പോലും കഴിയില്ലെന്ന് തോന്നിയത് കൊണ്ടാണ് ആ ക്രൂരകൃത്യം ചെയ്തത്. ഇപ്പോള്‍ തോന്നുന്നു കൊല്ലണമെന്നുണ്ടായിരുന്നില്ലെന്നും റിന്‍ഷ 
ഒരു നേരത്തെ ആഹാരം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ; നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന്റെ കുറ്റസമ്മതം

കോഴിക്കോട്: ബാലുശ്ശരി നിര്‍മ്മല്ലൂരില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിന്റെ കുറ്റസമ്മതം. കുഞ്ഞിന് ഒരു നേരത്തെ ആഹാരം വാങ്ങിക്കൊടുക്കാന്‍ പോലും കഴിയില്ലെന്ന് തോന്നിയത് കൊണ്ടാണ് ആ ക്രൂരകൃത്യം ചെയ്തത്. ഇപ്പോള്‍ തോന്നുന്നു കൊല്ലണമെന്നുണ്ടായിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തനുള്ള തീരുമാനം തന്റെത് മാത്രമായിരുന്നെന്നും റിന്‍ഷ പൊലീസിനോട് പറഞ്ഞു

ഒറ്റയ്ക്കാണ് സാറെ കുടുംബം നോക്കിയിരുന്നത്. ഒരിടത്തും പിടിച്ചുനില്‍ക്കാനായില്ല. അതിനിടയില്‍ പറ്റിയതാണ്. എന്നാല്‍ കുഞ്ഞിന്റെ പിതാവ് ആരെന്ന പൊലീസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് റിന്‍ഷ മറുപടി പറഞ്ഞില്ല.ഞായറാഴ്ച രാവിലെയാണ് നാട് നടുങ്ങിയ ക്രൂരതയ്ക്ക് പാറമുക്ക് എന്ന ഗ്രാമം സാക്ഷിയായത്. നവജാതശിശുവിനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ നാട്ടുകാരില്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കുട്ടിയുടെ മാതാവ് പാറമുക്ക് സ്വദേശിനി റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 

റിന്‍ഷയുടെ സഹോദരനെത്തേടി പതിവായി വീട്ടിലെത്തിയിരുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ പലരും വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. വരവിനെ ചോദ്യം ചെയ്താല്‍ ഭീഷണിയും അസഭ്യവര്‍ഷവും പതിവായിരുന്നു. ഇതെത്തുടര്‍ന്ന് നാട്ടുകാര്‍ പിന്‍വാങ്ങി. ഒരിക്കല്‍പ്പോലും അടുത്തുള്ളവരുമായി സഹകരിക്കാന്‍ റിന്‍ഷയും വീട്ടുകാരും തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു.  നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കനാണ് ബാലുശേരി പൊലീസിന്റെ തീരുമാനം. 

പുലര്‍ച്ചെ രണ്ട് മണിയോടെ റിന്‍ഷയുടെ കുടുംബവീട്ടിലായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തറുത്തതെന്ന് റിന്‍ഷ പൊലീസിനോട് സമ്മതിച്ചു. റിന്‍ഷയും മാതാവും സഹോദരനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. നാല് വര്‍ഷം മുന്‍പ് വിവാഹിതയായ റിന്‍ഷ രണ്ട് വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. 

റിന്‍ഷ ഗര്‍ഭിണിയാണെന്ന സംശയം ആറ് മാസം മുന്‍പ് നാട്ടുകാരില്‍ ചിലര്‍ മാതാവ് റീനയോട് പറഞ്ഞിരുന്നു. എന്നാല്‍ സംശയം ഉന്നയിച്ചവരോട് കലഹിച്ച് പിരിയാനാണ് കുടുംബം ശ്രമിച്ചത്. ആരോപണം ഉന്നയിക്കുന്ന നാട്ടുകാരുടെ പേരെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്യുമെന്നായിരുന്നു റിന്‍ഷയുടെ ഭീഷണി. ഇത്തേത്തുടര്‍ന്ന് നാട്ടുകാര്‍ പിന്‍വാങ്ങി. ഇതോടെ തീര്‍ത്തും ദരിദ്രാവസ്ഥയിലായ കുടുംബത്തിന് അയല്‍വാസികള്‍ നല്‍കിയിരുന്ന സഹായവും നിര്‍ത്തി. 

വേദനയില്‍ റിന്‍ഷക്ക് താങ്ങായത് അകറ്റിനിര്‍ത്തിയിരുന്ന നാട്ടുകാര്‍ തന്നെയാണ്. ആശുപത്രിയിലെത്തിച്ച വാഹനത്തിന് പണം നല്‍കിയത് നൂറും അഞ്ഞൂറും എന്ന നിരക്കില്‍ നാട്ടുകാര്‍ ശേഖരിച്ച തുക ഉപയോഗിച്ചാണ്. കുഞ്ഞ് മരിച്ചുവെന്ന് പൊലീസ് പറഞ്ഞിട്ടും നമുക്ക് രക്ഷപ്പെടുത്താന്‍ കഴിയുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ഡോക്ടറെത്തി സ്ഥിരീകരിച്ചതോടെയാണ് അതിനുള്ള ശ്രമം അവസാനിപ്പിച്ചതെന്ന് ബാലുശേരി സി.ഐ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com