ഒഴിവാക്കിയതില്‍ 'ബിനാലെ'യില്ല;  ഫണ്ട് നല്‍കുമെന്ന് മന്ത്രി; പ്രളയക്കെടുതിയിലും കൊച്ചി ബിനാലെയുമായി സംഘാടകര്‍ മുന്നോട്ട്

ഫിലിം ഫെസ്റ്റിവെല്‍, യുവജനോല്‍സവം, കലോല്‍സവം, എന്നിവ ഒഴിവാക്കുമ്പോഴും കൊച്ചി മുസരിസ് ബിനാലെ നടത്തും 
ഒഴിവാക്കിയതില്‍ 'ബിനാലെ'യില്ല;  ഫണ്ട് നല്‍കുമെന്ന് മന്ത്രി; പ്രളയക്കെടുതിയിലും കൊച്ചി ബിനാലെയുമായി സംഘാടകര്‍ മുന്നോട്ട്

കൊച്ചി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളും കലോത്സവങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കൊച്ചി മുസരിസ് ബിനാലെ മാറ്റമില്ലാതെ നടക്കും. ബിനാലെയ്ക്കുള്ള സര്‍ക്കാര്‍ ഫണ്ട് മുന്‍നിശ്ചയ പ്രകാരം തന്നെ നല്‍കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. ബിനാലെ നടത്തുന്നതില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ബിനാലെ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോസ് കൃഷ്ണമാചാരി വ്യക്തമാക്കി.

സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ളതും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച നടത്തുന്നതുമായ ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാനാണ് തീരുമാനമായിട്ടുളളത്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഫിലിം ഫെസ്റ്റിവെല്‍, യുവജനോല്‍സവം, കലോല്‍സവം, വിനോദസഞ്ചാര വകുപ്പിന്റെതുള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷപരിപാടികള്‍ ഒരുവര്‍ഷത്തേക്ക് ഒഴിവാക്കിയാണ് ഉത്തരവായത്.  ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ വകുപ്പ് മേധാവികള്‍ നടപടിയെടുക്കണമെന്നും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ബിനാലയെ ഇതില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തെ ബിനാലെ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും സമീപം
 

വന്‍തുകയാണ് കൊച്ചി ബിനാലെയ്ക്ക സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്നത്. 2016ല്‍ നടന്ന മൂന്നാമത് ബിനാലെയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏഴരക്കോടി രൂപയാണ് നല്‍കിയത്. ഈ ഡിസംബറില്‍ തുടങ്ങുന്ന നാലാം പതിപ്പിന് എട്ടുകോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിനിടെ ബിനാലെ ഫൗണ്ടേഷനില്‍ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ഉണ്ടെന്നും പണം തിരിച്ചുപിടിക്കണമെന്നും ഏജി തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലുള്ള കടുത്ത സാമ്പത്തിക പ്രയാസത്തിലും ബിനാലെയുമായി മുന്നോട്ട് പോകാനുള്ള ടൂറിസം വകുപ്പിന്റെ തീരുമാനം. 

കൊച്ചി മുസരിസ് ബിനാലെ നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മറ്റ് ആഘോഷപരിപാടികളുടെ കൂട്ടത്തില്‍ ബിനാലെയെ കണക്കാക്കേണ്ടതില്ല. രണ്ട് വര്‍ഷത്തിനിടെ നടക്കുന്ന പരിപാടിയാണിത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നായി നിരവധി കലകാരന്‍മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്. അന്‍പതോ അറുപതോ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബിനാലെയ്ക്ക് എത്തുന്നുണ്ട്. അഞ്ചുലക്ഷം പേരാണ് കഴിഞ്ഞ ബിനാലെ കാണാന്‍ എത്തിയത്. അതുണ്ടാക്കുന്ന മാറ്റം  കാണാതെ പോകരുതെന്ന് മന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയില്‍ പശ്ചാത്തലത്തില്‍ ബിനാലെയ്ക്ക് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ബോസ് കൃഷ്ണമാചാരി പ്രതികരിച്ചു. ബിനാലെയ്ക്കായി ഒന്നരവര്‍ഷത്തെ തയ്യാറെടുപ്പുകളാണ് പൂര്‍ത്തിയായത്. ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കുന്നു. എന്നാല്‍ ബിനാലയെ കുറിച്ചുള്ളത് വലിയ പ്രതീക്ഷകളാണെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com