ആകില്ല, കഥ കഴിക്കാന്‍; 'മീശ' വിവാദത്തില്‍ കെആര്‍ മീര എഴുതുന്നു

അവരെ സംബന്ധിച്ചിടത്തോളം പ്രതിഷേധം ശുദ്ധതയില്‍നിന്നോ അജ്ഞതയില്‍നിന്നോ അല്ല. മറിച്ച് കൃത്യമായ ഒരു അജന്‍ഡയോടെയാണ്. അവര്‍ അറിവിനെ വെറുക്കുന്നവരും അജ്ഞതയെ ആഘോഷിക്കുന്നവരുമാണ്
ആകില്ല, കഥ കഴിക്കാന്‍; 'മീശ' വിവാദത്തില്‍ കെആര്‍ മീര എഴുതുന്നു

എസ്. ഹരീഷിനെ ഞാന്‍ ഒരിക്കലേ കണ്ടിട്ടുള്ളൂ. കെ.പി. അപ്പന്‍ മാഷിന്റെ ചരമവാര്‍ഷിക ദിനത്തില്‍ കൊല്ലത്തു നീരാവിലെ ലൈബ്രറിയില്‍ വച്ചായിരുന്നു അത്. ഹരീഷിന്റെ 'അപ്പന്‍' എന്ന കഥ പ്രസിദ്ധീകരിച്ചിട്ടു കുറച്ചു ദിവസങ്ങളേ കഴിഞ്ഞിരുന്നുള്ളൂ. ഇതെഴുതാന്‍ എനിക്കു സാധിച്ചില്ലല്ലോ എന്ന നഷ്ടബോധം സൃഷ്ടിക്കുന്ന തരം കഥയായിരുന്നു അത്. മലയാളത്തില്‍ ഇതുവരെ വായിച്ച മികച്ച കഥകളില്‍  'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ'യും 'താത്തിത്തകോം തെയ് തെയ് തോ'മും ഉള്‍പ്പെടുന്നു. കൃതഹസ്തനായ എഴുത്തുകാരന്‍. വേറിട്ടുനില്‍ക്കുന്ന പ്രമേയങ്ങളും രചനാശൈലിയും. 
പക്ഷേ, ഇപ്പോള്‍ ഹരീഷിന്റെ ആദ്യ നോവലായ മീശ പിന്‍വലിക്കപ്പെടുന്നു. അതു ഹിന്ദു സംഘടനകളുടെ പ്രതിഷേധം കാരണമായതില്‍ അദ്ഭുതപ്പെടാനില്ല. സാഹിത്യം മനസ്സിലാകുന്നവര്‍ക്ക് പുസ്തകം കത്തിച്ചുകളയാനോ കത്തിക്കാന്‍ മടിയില്ലാത്തവര്‍ക്ക് അതു മനസ്സിലാക്കാനോ സാധ്യമല്ല. 'സമൂഹം പാകമാകുന്ന കാലത്തു മാത്രമേ നോവല്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുകയുള്ളൂ' എന്ന ഹരീഷിന്റെ വാക്കുകളുടെ അര്‍ത്ഥവും അവര്‍ക്കു മനസ്സിലാകുകയില്ല. 'ഭാരതപര്യടന'ത്തില്‍ കുട്ടിക്കൃഷ്ണമാരാര്‍ അശ്വത്ഥാമാവിനെക്കുറിച്ച് എഴുതിയത് സമൂഹങ്ങള്‍ക്കും ബാധകമാണ്.  പതനം തുടങ്ങിയാല്‍ ഏറ്റവും താഴെ തറയിലിടിച്ചേ നില്‍ക്കുകയുള്ളൂ- അശ്വത്ഥാമാവായാലും മതവര്‍ഗ്ഗീയതയുടെ പതാകാവാഹകരായാലും. 
'മീശ' ഞാന്‍ വളരെ താല്‍പ്പര്യത്തോടെയാണ് വായിച്ചത്. വിവാദമുയര്‍ത്തിയ രണ്ടാം അധ്യായമായ 'കഥയിലെ ഭ്രാന്ത്' ആരംഭിക്കുന്നത്  ''അര്‍ജുനന്റെ അസ്ത്രം പോലെയാണ് ഒരു നല്ല കഥ. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, മനസ്സില്‍ കൊള്ളുമ്പോള്‍ നൂറും പതിനായിരവും'' എന്ന നിരീക്ഷണത്തോടെയാണ്. 
''ഓര്‍മ്മിക്കുന്നില്ലെങ്കില്‍ കഥകള്‍ നമ്മെ കാര്യമായി സ്പര്‍ശിച്ചിട്ടില്ല എന്നാണര്‍ത്ഥം.''
''ഒന്നുമില്ലായ്മ എങ്ങനെയാണ് മനസ്സിലാക്കുക.''
''കടല്‍ കാണുന്നതും ആകാശം കാണുന്നതും ഒരുപോലെയാണ്, നമ്മുടെ ഉള്ളിലെ കടലും ആകാശവുമാണു നമ്മള്‍ കാണുക.''
''കാണുന്നതിനും കേള്‍ക്കുന്നതിനുമൊക്കെ മറ്റൊരാള്‍ കൂടിയുണ്ടെങ്കിലേ പ്രസക്തിയുള്ളൂ.''
''ഉടന്‍ തന്നെ മരിച്ചുപോകേണ്ട ചിലരുടെ ഓര്‍മ്മകളിലും ചിന്തകളിലുമാണ് നമ്മള്‍ ജീവിക്കുന്നത്.''
''ബസ് യാത്രയ്ക്കിടെ കൗതുകത്തോടെ പുറത്തേക്കു നോക്കിയിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് വീടുകളും മരങ്ങളും ആളുകളും പുറകോട്ടോടുന്നത് എന്നു ആലോചിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒരാള്‍ ജീവിച്ചു മടുത്തു എന്നാണ് അര്‍ത്ഥം. അയാള്‍ പോത്തിന്റെ പുറത്തുവരുന്ന ഒരാളെ കാത്തിരിക്കുകയാണ്.''
''മറ്റൊരാളെ ശ്രദ്ധിച്ചു കേള്‍ക്കുന്നത്, അയാളുടെ അനുഭവങ്ങളിലൂടെ കടന്നു പോകുന്നത് മറ്റൊരു ജീവിതം കൂടി ജീവിക്കാന്‍ നമുക്ക് അവസരം കിട്ടുന്നതുപോലെയാണ്.''
ഇങ്ങനെ എത്രയോ നിരീക്ഷണങ്ങള്‍. ഇതൊക്കെ എങ്ങനെയാണ് മതത്തേയും വിശ്വാസത്തേയും അന്നന്നുള്ള ആവശ്യങ്ങളുടെ കോരികകള്‍ കൊണ്ടുമാത്രം അളക്കാന്‍ സാധിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുക? നമ്മളെയെല്ലാവരേയും കാത്തിരിക്കുന്ന 'ഒന്നുമില്ലായ്മയെ' എങ്ങനെയാണ് അവര്‍ക്കും മനസ്സിലാക്കിക്കൊടുക്കുക? 

സമ്മര്‍ദഗ്രൂപ്പുകളുടെ വളര്‍ത്തുനായ്ക്കള്‍

പത്രപ്രവര്‍ത്തകയായി ജോലിക്കു കയറിയ കാലത്താണ് മറ്റു മനുഷ്യരെ അളക്കേണ്ടതു നമ്മളെ വച്ചല്ല എന്നു തിരിച്ചറിഞ്ഞത്. പത്രത്തില്‍ വരുന്ന പുരോഗമനാശയങ്ങളും പുതിയ കാര്യങ്ങളും ഒക്കെ സ്വാംശീകരിച്ചവരാണ് പത്രപ്രവര്‍ത്തകര്‍ എന്ന ധാരണയും ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളാണ് മാധ്യമങ്ങള്‍ എന്ന ധാരണയും തകര്‍ന്നപ്പോള്‍ വലിയ പരിഭ്രാന്തി അനുഭവപ്പെട്ടിരുന്നു. പിന്നീട്, സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ വളര്‍ത്തുനായ്ക്കള്‍ മാത്രമാണ് മാധ്യമങ്ങള്‍ എന്ന സത്യത്തോടു വേദനയോടെ പൊരുത്തപ്പെട്ടു. വായനക്കാരെ വഴിനടത്താനും അവരുടെ ആശയരൂപീകരണത്തെ സ്വാധീനിക്കാനും ശേഷിയുള്ള മഹാശക്തികളാണ് പത്രമാധ്യമങ്ങള്‍ എന്ന വിശ്വാസം കുറേക്കാലം കൂടി മുറുകെപ്പിടിച്ചു. പക്ഷേ,  പത്രങ്ങള്‍ വായനക്കാരെയല്ല, വായനക്കാര്‍ പത്രങ്ങളെയാണ് സ്വാധീനിക്കുന്നത് എന്നു പരാജയം സമ്മതിക്കേണ്ടിവന്നു. നമ്മുടെ സമൂഹം നിഷ്പക്ഷമായ വാര്‍ത്തകളോ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനമോ ആവശ്യപ്പെടുന്നില്ല എന്നാണ് എന്റെ അനുഭവം. ജനപ്രിയ വാരികയിലെ നോവലുകളുടെ ദൗത്യമാണ് എല്ലാത്തരം പത്രമാധ്യമങ്ങളില്‍നിന്നും ശരാശരി മലയാളി പ്രതീക്ഷിക്കുന്നത് - അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ പ്രതീക്ഷിതമായ ശുഭാന്ത്യത്തിലേക്കുള്ള പ്രയാണം. ആ ശുഭാന്ത്യം കരുത്തിന്റെ വിജയമാണ്. കരുത്ത്, അറിയാമല്ലോ, പുരുഷന്റെ അധികാരമാണ്. ആ അധികാരം നടക്കുന്നതു മതങ്ങളുടെ മെതിയടിമേലാണ്. 
അപ്പോഴും, മുഖ്യധാരാ സാഹിത്യം ഇതിനൊക്കെ അതീതമാണ് എന്നതായിരുന്നു ആകെ ആശ്വാസം. കല്‍പ്പനാസാഹിത്യത്തിന്റെ വലിയ ലോകം അധികാരത്തെ ചോദ്യം ചെയ്തും സത്യം വിളിച്ചുപറഞ്ഞും നിലനില്‍ക്കുകതന്നെ ചെയ്യും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. രണ്ടായിരത്തിയഞ്ചില്‍ 'ആവേ മരിയ' എഴുതിയപ്പോഴാണ് ആദ്യമായി തിരിച്ചറിവുണ്ടായത്. കഥ വായിക്കാന്‍ അറിയുന്നവര്‍ മാത്രമല്ല അതു വായിക്കുന്നത് എന്നതു മാത്രമായിരുന്നില്ല ആ തിരിച്ചറിവ്. എഴുതുമ്പോള്‍ എനിക്ക് എന്റെ മേലുള്ള നിയന്ത്രണം എത്ര നിസ്സാരമാണ് എന്നതും എഴുത്തിന്റെ പ്രക്രിയയെക്കുറിച്ച് ലോകത്തോടു വിശദീകരിക്കുക എത്ര ദുഷ്‌കരമാണ് എന്നതും കൂടിയായിരുന്നു.  
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വലതുപക്ഷ വ്യതിയാനമായിരുന്നു 'ആവേ മരിയ'യുടെ പ്രേരണ. വര്‍ത്തമാനകാലവും ഭൂതകാലവും ഇടവിട്ടുള്ള രചനാരീതിയിലാണ് അതു സൃഷ്ടിക്കപ്പെട്ടത്. ഭൂതകാലം യഥാര്‍ത്ഥ ചരിത്രസംഭവങ്ങളില്‍നിന്നും  (വ്യക്തികളെയല്ല, സംഭവങ്ങളെയാണ് ഞാന്‍ സ്വീകരിച്ചത്) വര്‍ത്തമാനകാലം പൂര്‍ണ്ണമായും ഭാവനയില്‍നിന്നും സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശ്യം. ഭൂതകാലത്തെ അനുഭവങ്ങള്‍ അക്കാലത്തു ജീവിച്ചിരുന്ന പഴയ കമ്യൂണിസ്റ്റ് നായകന്മാരുടെ ചില യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു. പക്ഷേ, എഴുത്തിനിടയിലെ എഡിറ്റിങ്ങില്‍ ഞാന്‍ പോലും അറിയാതെ ആ അനുഭവങ്ങളില്‍നിന്ന് മറ്റു പലരുടേയും അനുഭവങ്ങള്‍ മാഞ്ഞുപോയി. ഭൂതകാലത്തിന്റേതായി വന്നതില്‍ ഏറെയും തിരിച്ചറിയാവുന്ന ഒരാളുടേതു മാത്രമായി. ഒരുപക്ഷേ, ആ ആള്‍ ഞാന്‍ ഏറെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ആളായതുകൊണ്ടാകാം.  യാഥാര്‍ത്ഥ്യവും ഭാവനയും ഇടകലര്‍ന്നുണ്ടായ കഥാപാത്രം യഥാര്‍ഥ വ്യക്തിയല്ല എന്നു സൂചിപ്പിക്കാന്‍ പേരും മതവും മാറ്റിയാല്‍ മതി എന്ന എന്റെ വിവരക്കേടില്‍ ആ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. അന്നു രാത്രി പത്രം ഓഫീസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. കൊല്ലാന്‍ മടിയില്ലാത്ത കമ്യൂണിസ്റ്റുകാര്‍ ഇനിയും ബാക്കിയുണ്ട് എന്ന് ആരോ ഒരാള്‍ ഭീഷണിപ്പെടുത്തി. മരിക്കാന്‍ മടിയില്ലെന്നു ഞാനും ക്ഷോഭിച്ചു.
പക്ഷേ, ആ കഥ ഒരു വലിയ തിരിച്ചറിവു സമ്മാനിച്ചു. കഥ മനസ്സിലാക്കാന്‍ ശേഷിയില്ലാത്തതു ലോകപരിചയമില്ലാത്ത ശുദ്ധഹൃദയരായ ഗ്രാമീണര്‍ക്കു മാത്രമാണ് എന്ന തെറ്റിദ്ധാരണ തവിടുപൊടിയായി. പേരെടുത്ത എഴുത്തുകാരില്‍ ചിലരും മലയാളം അധ്യാപകരും ഒക്കെ ആ ഗണത്തില്‍ പെടും എന്നു ബോധ്യപ്പെട്ടു. അതില്‍ കടുത്ത ധര്‍മ്മരോഷം അനുഭവിക്കുകയും ചെയ്തു - കഥ ദൈവത്തെപ്പോലെയാണ് എന്നു കണ്ടെത്തുന്നതുവരെ. 

അജ്ഞതയുടെ ആഘോഷസംഘം

കഥ ദൈവത്തെപ്പോലെയാണ്. സങ്കല്‍പ്പത്തോടു താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ദൈവവുമില്ല, കഥയുമില്ല. ഉണ്ടെന്നു വിശ്വസിച്ചാല്‍ ഉണ്ട്. ഇല്ലെങ്കില്‍ ഇല്ല. ''നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണല്ലോ'' എന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകളുടെ സാരവും സ്വാരസ്യവും ഈ സത്യത്തില്‍ അധിഷ്ഠിതമാണ്. എന്റെയും നിങ്ങളുടേയും സങ്കല്‍പ്പന ശേഷികള്‍ ഭിന്നമായതിനാല്‍, എന്റെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നായിരിക്കുമ്പോഴും ദൈവത്തെ സംബന്ധിച്ച നമ്മുടെ അനുഭവങ്ങള്‍ രണ്ടായിരിക്കും. കാരണം, നമ്മുടെ പ്രാര്‍ത്ഥനകളുടെ തീവ്രത രണ്ടായിരിക്കും.  നമ്മുടെ ആധികളും വ്യാധികളും പ്രാരാബ്ധങ്ങളും പുറമേ സദൃശമായാലും അകമേ വ്യത്യസ്തമായിരിക്കും. കഥ അഥവാ പുസ്തകം ഒന്നായാലും അത് ആസ്വദിക്കപ്പെടുന്നതു വായനക്കാരുടെ അനുഭവങ്ങളുടേയും സങ്കല്‍പ്പങ്ങളുടേയും അടിസ്ഥാനത്തിലാണ്. അതുകൊണ്ടാണ് ഒരു പുസ്തകം രണ്ടു പേര്‍ വായിക്കുമ്പോള്‍ രണ്ടു പുസ്തകങ്ങള്‍ ഉണ്ടാകുന്നു എന്നു പണ്ടേക്കു പണ്ടേ പണ്ഡിതന്മാര്‍ പറഞ്ഞുവച്ചത്. 
പക്ഷേ, ഹരീഷിനെ അപേക്ഷിച്ച് ഞാന്‍ കൂടുതല്‍ ഭാഗ്യവതിയായിരുന്നു. എന്നെ വിമര്‍ശിച്ചവര്‍ കുറച്ചുകൂടി സംസ്‌കാരമുള്ളവരായിരുന്നു. അവര്‍ക്കു ഭാഷകൊണ്ടും പ്രവൃത്തികൊണ്ടും ഒരു പ്രത്യേക നിലവാരത്തില്‍നിന്നു താഴാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം, അവരുടെ വിമര്‍ശനവും പ്രതിഷേധവും ശുദ്ധതയില്‍നിന്നുള്ളതായിരുന്നു. ഹരീഷിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ, ആളും അര്‍ത്ഥവും അധികാരമോഹങ്ങളുമുള്ളവര്‍ അവര്‍ക്കു പിന്നില്‍ ഉണ്ടായിരുന്നില്ല. അവിടെയാണ് ഹരീഷിന് എതിരെയുള്ള പ്രതിഷേധം അപകടകരമാകുന്നത്. 'എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളൂ' എന്നു പരസ്യമായി ഭീഷണിപ്പെടുത്തിയ ഒരു പ്രസിഡന്റുള്ള സംഘടനയാണ് ഇതിനു പിന്നില്‍ എന്നതുകൊണ്ടാണ് ഇതു തള്ളിക്കളയാന്‍ സാധിക്കാത്തത്. അവരെ സംബന്ധിച്ചിടത്തോളം പ്രതിഷേധം ശുദ്ധതയില്‍നിന്നോ അജ്ഞതയില്‍നിന്നോ അല്ല. മറിച്ച് കൃത്യമായ ഒരു അജന്‍ഡയോടെയാണ്. അവര്‍ അറിവിനെ വെറുക്കുന്നവരും അജ്ഞതയെ ആഘോഷിക്കുന്നവരുമാണ്. അതിലേറെ, അവര്‍ മാതൃകയാക്കുന്നത്, ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയപ്പോള്‍ ഒരു സാഹിത്യകൃതിയുടെ ഭാഗം ഉദ്ധരിച്ച അധ്യാപകന്റെ കൈവെട്ടി സ്വന്തം മതത്തിന്റെ അഭിമാനവും യശസ്സും വാനോളം ഉയര്‍ത്തിയ മൗലികവാദികളെയാണ്. യഥാര്‍ത്ഥ ഹിന്ദു-മുസ്ലിം മൈത്രി അങ്ങനെ ഹിംസയിലൂടെ അവര്‍ സാക്ഷാല്‍ക്കരിക്കുന്നു. ഭീതിയുടെ രാഷ്ട്രീയമാണ് ഇരുകൂട്ടരും പിന്തുടരുന്നത്. മനുഷ്യത്വമോ സാമൂഹികപ്രതിബദ്ധതയോ പുരോഗമനാശയങ്ങളോ അവരുടെ പ്രവൃത്തികളെ സ്വാധീനിക്കുകയില്ല. അതുകൊണ്ടാണ്, മുസ്ലിംകളായ മനുഷ്യര്‍ ദാരിദ്ര്യവും അടിച്ചമര്‍ത്തലും അനുഭവിക്കുന്നിടത്തൊന്നും മതമൗലിക വാദികള്‍ വാളെടുക്കാത്തത്. അതുകൊണ്ടാണ്, അമ്പലത്തില്‍ പോകുന്ന സ്ത്രീകളെക്കുറിച്ച് സ്ത്രീവിരുദ്ധനായ ഒരു കഥാപാത്രം പറയുന്ന വാക്കുകളുടെ പേരില്‍ ഒച്ചപ്പാടുയര്‍ത്തുന്ന ഹിന്ദു മതമൗലികവാദികള്‍ ഗോവയില്‍ അമ്പലത്തില്‍ രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ കേസിലായ പൂജാരിയെ ആക്രമിക്കാത്തത്. കത്വയുടെ കാര്യം പറയുന്നില്ല. അമ്പലത്തിന്റെ പവിത്രതയെക്കുറിച്ച് അന്നു വ്രണപ്പെടാതിരുന്ന വികാരമുള്ള ഹിന്ദുക്കളാണ് ഇപ്പോള്‍ ഒരു നോവലിലെ ഒരു പ്രതിലോമ കഥാപാത്രം സംസാരിക്കുന്ന വാക്കുകളുടെ പേരില്‍ കൈവെട്ടാന്‍ നടക്കുന്നത്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധമായ സംഭാഷണം ''നായകന്‍ പറയരുതായിരുന്നു'' എന്ന് അഭിപ്രായപ്പെട്ട നടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതു കണ്ടിട്ടു മിണ്ടാതിരുന്ന സ്ത്രീകളാണ് ഇപ്പോള്‍ പത്രം കത്തിക്കാന്‍ തെരുവിലിറങ്ങിയിട്ടുള്ളത്. എത്ര മഹത്തായ മതവികാരം ! എത്ര ഉന്നതമായ ധാര്‍മ്മികരോഷം! 
അതുകൊണ്ട്, എഴുത്തുകാരും വായനക്കാരും പുരോഗമനാശയങ്ങളില്‍ വിശ്വസിക്കുന്നവരും മനസ്സിലാക്കേണ്ടത് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ശക്തിയോടെ ആവര്‍ത്തിക്കും എന്നു തന്നെയാണ്. കാരണം, ഹിംസയുടെ വേരുകള്‍ ഒരിക്കല്‍ പൊടിച്ചാല്‍, പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, ധൃതഗതിയില്‍ പടരും. മതങ്ങള്‍ അവയുടെ ഏറ്റവും വളക്കൂറുള്ള മണ്ണാണ്. പ്രീണന രാഷ്ട്രീയം അവയുടെ ഏറ്റവും പ്രധാന പോഷകമാണ്. മതേതര പാര്‍ട്ടികള്‍, പ്രത്യേകിച്ചും ഇടതു പാര്‍ട്ടികള്‍, ഈ അപകടം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. എഴുത്തുകാരുടെ സംരക്ഷണം, അവര്‍ ഇടതു രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നവരാണെങ്കില്‍പ്പോലും  ഇടതു കക്ഷികളുടെ ഭാരിച്ച ഉത്തരവാദിത്വമാണ്. മതത്തെ നശിപ്പിക്കാന്‍ സാഹിത്യത്തിനു സാധിക്കുകയില്ല. കാരണം, നശിപ്പിക്കലല്ല, വിമലീകരിക്കലാണ് സാഹിത്യത്തിന്റെ ധര്‍മ്മം. സാഹിത്യത്തെ ഇല്ലാതാക്കാന്‍ മതത്തിനും സാധിക്കുകയില്ല. കാരണം, സാഹിത്യം തന്നെ ഒരു മതമാണ്. തീര്‍ത്തും വൈയക്തികമായ ഒരു മതം. അതിന്റെ രചനയും വായനയും ഒറ്റയ്ക്കുള്ള പ്രാര്‍ത്ഥനകളാണ്. എഴുത്തുകാരെ നിശ്ശബ്ദരാക്കി എഴുത്തിനെ പ്രതിരോധിക്കുന്നതും അസാധ്യമാണ്. മതമേലധികാരികളും ഭരണകൂടങ്ങളും കത്തിച്ചുകളഞ്ഞ പുസ്തകങ്ങളുടെ ചാരം കാറ്റിലും മഴയിലും അലിഞ്ഞു മണ്ണില്‍ വീണ് നൂറായിരം കഥകളായി പുനര്‍ജനിച്ചിട്ടുള്ളതാണ് ചരിത്രം. 
കമല സുരയ്യ എഴുതിയതുപോലെ, എഴുത്തുകാര്‍ സംസാരിക്കുന്നതു ഭാവിയോടാണ്.  മതവര്‍ഗ്ഗീയ വാദികള്‍ക്കാകട്ടെ, ഭാവിയോ ഭൂതമോ ഇല്ല. അവര്‍ക്ക് ആകെയുള്ളത് വര്‍ത്തമാനകാലമാണ്. അന്നന്നത്തെ വികാരങ്ങളാണ് അവരുടെ ലോകം. അവര്‍ ചെറിയ മനുഷ്യരാണ്. അവരെ ചെറുതാക്കുന്നത് ഇടുങ്ങിയ കാഴ്ചപ്പാടും മുരടിച്ച ബുദ്ധിയും വികല ഭാവനയുമാണ്. നമ്മളെക്കാള്‍ ചെറിയ മനുഷ്യരോടു യുദ്ധം ചെയ്യേണ്ടിവരുന്നതാണ് വര്‍ത്തമാനകാലത്തിന്റെ ദുരന്തം എന്ന് എഴുതിയത് - എന്തൊരു യാദൃച്ഛികത - കെ.പി. അപ്പന്‍ ആണ്. 'അപ്പന്‍' എന്ന കഥ എഴുതിയ എസ്. ഹരീഷ്, നിങ്ങള്‍ തുടര്‍ന്നും ''എന്തുകൊണ്ടാണ് വീടുകളും മരങ്ങളും ആളുകളും പുറകോട്ടോടുന്നത് എന്ന് ആലോചിക്കുകയും'' അതു ലോകത്തോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക. വളര്‍ന്ന് ആകാശം മുട്ടിയ അദ്ഭുതമീശയുടെ തുഞ്ചത്ത് കഥയുടെ ചങ്ങാലിപ്പരുന്ത് കൂടുകൂട്ടിക്കഴിഞ്ഞു. ദൈവത്തിനും ജാതിമതവര്‍ഗ്ഗീയവാദികള്‍ക്കും നനഞ്ഞ തുണികൊണ്ട് ബ്ലാക് ബോര്‍ഡില്‍നിന്ന് എന്നതുപോലെ മനുഷ്യരെ മാത്രമേ മായ്ചുകളയാന്‍ സാധിച്ചിട്ടുള്ളൂ. കഥകളെ മായ്ചുകളയാന്‍ ദൈവത്തിനുപോലും സാധ്യമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com