ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ചാക്കിലാക്കി കേരളത്തിലേക്ക്; ആന്ധ്രയില്‍ നിന്നെത്തിയ സഹായം തിരിച്ചയച്ചു

ആന്ധ്രയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ കയറ്റി അയച്ച രണ്ട് ലോഡ് പാഴ് വസ്തുക്കള്‍ തിരിച്ചയക്കുമെന്ന് റൂറല്‍ പൊലീസ് വ്യക്തമാക്കി
ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ചാക്കിലാക്കി കേരളത്തിലേക്ക്; ആന്ധ്രയില്‍ നിന്നെത്തിയ സഹായം തിരിച്ചയച്ചു

കൊച്ചി; പ്രളയത്തില്‍ വലഞ്ഞ കേരളത്തെ കരകയറ്റാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി പേരാണ് സഹായവുമായെത്തിയത്. എന്നാല്‍ അങ്ങനെയെത്തിയ സഹായത്തില്‍ ചിലത് ഉപയോഗിക്കാന്‍ കൊള്ളാത്തവയായിരുന്നു. ഇത്തരത്തിലുള്ള സഹായങ്ങള്‍ തിരിച്ച് കൊടുക്കാനുള്ള തീരുമാനത്തിലാണ് കേരളം. ആന്ധ്രയില്‍ നിന്നെത്തിയ പഴയ വസ്ത്രങ്ങളാണ് തിരിച്ചയക്കുന്നത്. 

ആന്ധ്രയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ കയറ്റി അയച്ച രണ്ട് ലോഡ് പാഴ് വസ്തുക്കള്‍ തിരിച്ചയക്കുമെന്ന് റൂറല്‍ പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം മുന്‍പാണ് കളമശേരി എ ആര്‍ ക്യാമ്പിലേക്ക് ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരില്‍ രണ്ട് ലോറികളിലായി വസ്ത്രങ്ങള്‍ എത്തിയത്. ദുരിതം അനുഭവിക്കുന്നവര്‍ക്കായിട്ടാണ് വസ്ത്രങ്ങള്‍ എത്തിയത്. 

ദുരിതമേഖലകളിലേക്ക് എത്തിക്കാനായി വസ്ത്രങ്ങള്‍ തരംതിരിക്കാന്‍ ഒരുങ്ങുമ്പോഴാണ് വസ്ത്രങ്ങളെല്ലാം ഉപയോഗിച്ച് പഴകിയതാണെന്ന് കണ്ടെത്തിയത്. ഈ കാര്യം റൂറല്‍ എസ്പിയെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹമാണ് ഇത് തിരിച്ചയക്കാന്‍ നിര്‍ദേശിച്ചത്. പഴയ സാരികള്‍, ഷര്‍ട്ട്, പാന്റ്‌സ്, അടിവസ്ത്രങ്ങള്‍ എന്നിവയാണ് ചാക്കുകളില്‍ കുത്തിനിറച്ച് എത്തിച്ചത്. പ്രളയദുരിതത്തില്‍പ്പെട്ടവരെ അപമാനിക്കുന്ന ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com