എലിപ്പനിയില്‍ വിറച്ച് കേരളം; പ്രതിരോധ മരുന്ന് എത്താതെ പ്രളയബാധിത പ്രദേശങ്ങള്‍; ഇന്നലെ മാത്രം എട്ടു മരണം

പ്രളയത്തില്‍ മുങ്ങിയ ആലുവ, പറവൂര്‍, ഏലൂര്‍ മേഖലകളുടെ ഉള്‍പ്രദേശങ്ങളിലേക്ക് മരുന്നുകള്‍ എത്താത്തതിനാല്‍ ജനങ്ങള്‍ പനിപ്പേടിയിലാണ്
എലിപ്പനിയില്‍ വിറച്ച് കേരളം; പ്രതിരോധ മരുന്ന് എത്താതെ പ്രളയബാധിത പ്രദേശങ്ങള്‍; ഇന്നലെ മാത്രം എട്ടു മരണം

കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എലിപ്പനി പ്രതിരോധമരുന്നുകള്‍ എത്തിക്കാതെ അധികൃതര്‍. മേഖലയില്‍ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് അധികൃതരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടാകുന്നത്. പ്രളയത്തില്‍ മുങ്ങിയ ആലുവ, പറവൂര്‍, ഏലൂര്‍ മേഖലകളുടെ ഉള്‍പ്രദേശങ്ങളിലേക്ക് മരുന്നുകള്‍ എത്താത്തതിനാല്‍ ജനങ്ങള്‍ പനിപ്പേടിയിലാണ്. 

ജില്ലയിലെ പലഭാഗങ്ങളും പ്രളയത്തെ തുടര്‍ന്ന് വൃത്തിഹീനമായി കിടക്കുന്നതും രോഗസാധ്യത വര്‍ധിപ്പിക്കുകയാണ്. ചിലസ്ഥലങ്ങളില്‍ ശിചീകരണത്തിന് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ പോലും എത്തിയിട്ടില്ല. കീരപ്പിള്ളി കോളനിയുടെ അവസ്ഥ ദയനീയമാണ്. പ്രദേശം വൃത്തിഹീനമായി കിടക്കുന്നതിനാല്‍ വലിയ ആരോഗ്യ പ്രശ്‌നമാണ് ഇത് ഉയര്‍ത്തുന്നത്. 

പറവൂര്‍, ഏഴിക്കര, ഏലൂര്‍, കുന്നുകര, ചേന്ദമംഗലം, ചിറ്റാറ്റുകര, തുടങ്ങിയ പ്രദേശങ്ങളിലും പ്രതിരോധമരുന്ന് വിതരണം നടന്നിട്ടില്ല.ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിയിട്ടും ആരോഗ്യവകുപ്പ് ഇതൊന്നും കണ്ട മട്ടില്ല.ചില ആശുപത്രിയികളില്‍ ഡോക്ടര്‍മാരുടെ അഭാവവും പ്രതിസന്ധി ആകുന്നുണ്ട്.

അതിനിടെ എലിപ്പനി സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. ചൊവ്വാഴ്ച മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 115 പേരാണ് ഇന്നലെ എലിപ്പനിക്ക് ചികിത്സ തേടിയത്. കൂടാതെ എലിപ്പനി സംശയിക്കുന്ന 141 പേര്‍ ചികിത്സയിലുണ്ട്. പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ കേരളത്തിലെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com