'നാളെ ലജ്ജിച്ച് തല കുനിക്കേണ്ടി വരും,ശശിമാര്‍ പെരുകി കൊണ്ടിരിക്കും': ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പുകസാ നേതാവ് 

പാര്‍ട്ടി പ്രവര്‍ത്തകയെ ആകുമ്പോള്‍ പാര്‍ട്ടിയുടെ സേഫ് സോണില്‍ സുരക്ഷിതമാകാനുള്ള ഒരു പഴുതുകളും ഇനി ബാക്കിയായിക്കൂടെ
'നാളെ ലജ്ജിച്ച് തല കുനിക്കേണ്ടി വരും,ശശിമാര്‍ പെരുകി കൊണ്ടിരിക്കും': ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പുകസാ നേതാവ് 

കൊച്ചി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതി സിപിഎം നിയമത്തിന് മുന്നിലേക്ക് വിടണമെന്ന് പുരോഗമന കലാസാഹിത്യ സംഘം നേതാവ്. 'ഇത്തരം പ്രൊഫഷണല്‍ ക്രിമിനലുകളെ പാര്‍ട്ടി നടപടിയിലൂടെ തിരുത്താമെന്നത് ഒരു വ്യാമോഹമാണ്. നിയമത്തിന് മുന്നിലേക്ക് വിടണം. വിഷയം സ്ത്രീ പീഡനമാണെങ്കില്‍ ഒട്ടും മടിക്കരുത്. കാരണം അതൊരു പാര്‍ട്ടി പ്രശ്‌നമല്ല, സാമൂഹ്യ കുറ്റകൃത്യമാണെന്ന് ഗുലാബ്് ജാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  


പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതു കൊണ്ട് ഒരു കുറ്റവാളിയും ശിക്ഷിക്കപെടുന്നില്ല. അയാള്‍ക്ക് ഇറങ്ങി പോകാന്‍ അയാളുടേതായ മറ്റൊരു ലോകമുണ്ട്. ചേക്കേറാന്‍ മറ്റു പാര്‍ട്ടികളുടെ തുറന്നു വെച്ച വാതിലുകളുണ്ട്. അഴിമതി നടത്തിയവര്‍ക്ക് പുറത്താക്കല്‍ ഒരനുഗ്രഹവുമാണ്. അതോടെ പാര്‍ട്ടി കമ്മറ്റികളിലെ ഒടുക്കമില്ലാത്ത വിചാരണകളില്‍ നിന്നു പോലും അയാള്‍ക്ക് രക്ഷപ്പെടാം. പിന്നീട് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചു വരുകയും ചെയ്യാം. ശ്രുതി പാടകരുടെ എണ്ണം കൂടുകയും ശ്രുതിയില്‍ അഭിരമിക്കുന്നവര്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ ചങ്കില്‍ രാഷ്ട്രീയം പേറുന്നവരുടെ ഒച്ചകള്‍ നേര്‍ത്തു വരും- ഗുലാബ് പറഞ്ഞു


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 


സോറി.... 
ഇനി ആ ശിക്ഷ മതിയാവില്ല
................................................

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരാള്‍ക്കെതിരെ നടപടിയെടുത്തു കഴിഞ്ഞാല്‍ അത് ഒരു ജീവപര്യന്തത്തേക്കാള്‍ മാരകമായിരുന്നു. സമൂഹത്തില്‍ എല്ലാവരാലും ആദരിക്കപ്പെട്ടിരുന്നയാള്‍ പെട്ടെന്ന് മാറ്റി നിര്‍ത്തപ്പെടും. വെള്ളത്തില്‍ നിന്ന് കരയിലേക്ക് വലിച്ചെറിയപ്പെട്ട മത്സ്യത്തിന്റെ അവസ്ഥ. ഒരായുസ് ക്കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത എല്ലാ വേരുകളും ഒറ്റ ദിവസം കൊണ്ട് പിഴുതെറിയപ്പെടുന്നു. ചിലപ്പോള്‍ സംഘടനാപരമായ ചെറിയ വീഴ്ച്ചകളുടെ പേരിലാകും നടപടി. എങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കിയാല്‍ അയാളെ കൊള്ളരുതാത്തവനായെ പൊതു സമൂഹം കാണും. സ്ത്രീ വിഷയം അഴിമതി പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളാണെങ്കില്‍ അവരുടെ ജീവിതം നരകതുല്യമായിരിക്കും. അങ്ങിനെ ചിലര്‍ നാടു തന്നെ വിട്ട് പോയിട്ടുണ്ട്. ചെറിയൊരു തുക തിരുമറി നടത്തിയെന്ന പേരില്‍ പുറത്താക്കപ്പെട്ട ഒരു സഖാവിന്റെ അവസാന നിമിഷങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. കുടുംബവും തന്റേതായ സ്വകാര്യ ജീവിതവും മാറ്റി വെച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഒരായുസ്ഥക്കാലം ചിലവഴിച്ച അയാള്‍ക്ക് ആകെ ഉണ്ടായിരുന്നത് സാമൂഹ്യ ബന്ധങ്ങള്‍ മാത്രമായിരുന്നു. എല്ലാം ഒരു ദിവസം ഇല്ലാതാകുന്നു. ഒറ്റയാകുന്നു. പാര്‍ട്ടീ പ്രവര്‍ത്തകരാലും നാട്ടുകാരാലും സജീവമായിരുന്ന അയാളുടെ വീട് ശൂന്യമാകുന്നു. ജയില്‍ ശിക്ഷയേക്കാള്‍ മാരകമാണത്. മരണത്തിന് തൊട്ട് മുമ്പ് അയാള്‍ പറഞ്ഞത് എനിക്ക് പഴയ സഖാക്കളെ ഒന്ന് കാണണമെന്നും മരിച്ചാല്‍ ചുവന്ന പതാക പുതപ്പിക്കണം എന്നുംമായിരുന്നു. രണ്ടും നടന്നില്ല.

എന്നാല്‍ ഇന്ന് സ്ഥിതി മാറിയില്ലേ?
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതു കൊണ്ട് ഒരു കുറ്റവാളിയും ശിക്ഷിക്കപെടുന്നില്ല. അയാള്‍ക്ക് ഇറങ്ങി പോകാന്‍ അയാളുടേതായ മറ്റൊരു ലോകമുണ്ട്. ചേക്കേറാന്‍ മറ്റു പാര്‍ട്ടികളുടെ തുറന്നു വെച്ച വാതിലുകളുണ്ട്. അഴിമതി നടത്തിയവര്‍ക്ക് പുറത്താക്കല്‍ ഒരനുഗ്രഹവുമാണ്. അതോടെ പാര്‍ട്ടി കമ്മറ്റികളിലെ ഒടുക്കമില്ലാത്ത വിചാരണകളില്‍ നിന്നു പോലും അയാള്‍ക്ക് രക്ഷപ്പെടാം. പിന്നീട് പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചു വരുകയും ചെയ്യാം. ശ്രുതി പാടകരുടെ എണ്ണം കൂടുകയും ശ്രുതിയില്‍ അഭിരമിക്കുന്നവര്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ ചങ്കില്‍ രാഷ്ട്രീയം പേറുന്നവരുടെ ഒച്ചകള്‍ നേര്‍ത്തു വരും. അപ്പോള്‍ എല്ലാ നടപടികളും താല്‍ക്കാലിക ഇടവേളകളാകും.

പറഞ്ഞു വരുന്നത് പി കെ ശശിയെ കുറിച്ച് തന്നെയാണ്.
നടപടിയെടുക്കേണ്ടത് പാര്‍ട്ടിയാണ്. കാരണം പരാതി പാര്‍ട്ടിക്ക് മുന്നിലാണുള്ളത്. ഇര നിയമത്തിന് മുന്നിലേക്ക് പോകില്ല. പലപ്പോഴും വേട്ടക്കാരേക്കാള്‍ രാഷട്രീയബോധം ഇരക്കായിരിക്കും. തന്റെ പ്രസ്ഥാനത്തിന് പരിക്കേല്‍ക്കാതെരിക്കാനുള്ള ജാഗ്രത ഇരകള്‍ പ്രകടിപ്പിക്കും. അത് ഭയം കൊണ്ടാണെന്ന് തെറ്റ് ധരിക്കരുത്.

എന്നാല്‍ വേട്ടക്കാരനൊ. അയാള്‍ക്ക് രാഷട്രീയം മറ്റൊന്നാണ്. പൊതുവില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നവര്‍ക്കൊക്കെയും കാണുന്ന സമാനതയുണ്ട്. അവരെല്ലാം കമ്യൂണിസ്റ്റ് എന്നതിനെ കുറിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്നത് അവരുടേതായ ആവശ്യാര്‍ത്ഥത്തിലാണ് . അതവരുടെ പ്രവൃത്തിയിലൂടെ നാട്ട് വര്‍ത്തമാനമാവാറുമുണ്ട്.
മനുഷ്യനാണ്. തെറ്റ് പറ്റുക സ്വാഭാവികം. തെറ്റുകളെ അയാള്‍ അഭിമുഖീകരിക്കുന്നത് എങ്ങനെയെന്നതാണ് പ്രധാനമായ പ്രശ്‌നം.
ഇരയക്ക് ഒരു കോടിയും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യുക. ഇവിടെയാണ് മൗലികമായ പ്രശ്‌നം.
പറ്റിയ തെറ്റിനെയോര്‍ത്ത് ലജ്ജിക്കുകയും ആത്മാര്‍ത്ഥമായി മാപ്പ് പറയുകയും ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷേ ക്ഷമിച്ചേക്കുമായിരുന്ന ഒരു പ്രശ്‌നത്തെ വിലക്കെടുത്ത് മറിക്കടക്കാമെന്ന് കരുതുന്നതോടെ സ്ത്രീയോടുള്ള അയാളുടെ സമീപനവും പൊതുവ്യക്തിത്വവുമാണ് വെളിപ്പെട്ടത്.
യൂ ആര്‍ അനന്തമൂര്‍ത്തിയുടെ അവസ്ഥ എന്നൊരു നോവലുണ്ട്. അതിന്റെ അവസ്സാനം രോഗിയായി കിടക്കുന്ന പാര്‍ട്ടി നേതാവിന്റെ അരികത്തേക്ക് ചികിത്സാ സഹായം നീട്ടി ഒരു മുതലാളി വരുന്നു. ആദര്‍ശവാനായ കമ്യൂണിസ്റ്റുകാരന്‍ അത് നിരസിക്കുന്നു. മുതലാളി മുറി വിട്ടിറങ്ങുമ്പോള്‍ മലര്‍ക്കെ തുറന്നിട്ട വാതിലിലേക്ക് നോക്കിയുള്ള അയാളുടെ ആത്മഗതം ' ഇയാള്‍ക്ക് എന്റെ അരികിലേക്ക് വരാനുള്ള വാതില്‍ ആരാണ് തുറന്ന് വെച്ചത് ' എന്നായിരുന്നു. പണത്തിന് സമൂഹ്യ മൂല്യം വര്‍ദ്ധിച്ച ഇക്കാലത്ത് ഇതു പോലുള്ള പൈങ്കിളി ക്ലീഷേകള്‍ക്ക് ഒരു വിലയും ഇല്ലെന്നറിയാം. എങ്കിലും സ്ഥാനമാനങ്ങള്‍ നല്‍കാനും തെറിപ്പിക്കാനും കഴിയും വിധം തനിക്ക് പാര്‍ട്ടിയെ മാനിക്യുലേറ്റ് ചെയ്യാന്‍ കഴിയും എന്നൊരു മനോനിലയിലേക്ക് ഒരാളെ നയിക്കുന്ന സാധ്യതകള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിക്കൂടാത്തതാണ്. അങ്ങിനെയുള്ള ഒരാളിലും പാര്‍ട്ടിയുടെ മേല്‍വിലാസം പതിച്ചു ക്കൂട.

ഇത്തരം പ്രൊഫഷണല്‍ ക്രിമിലുളെ പാര്‍ട്ടി നടപടിയിലൂടെ തിരുത്താമെന്നത് ഒരു വ്യാമോഹമാണ്. നിയമത്തിന് മുന്നിലേക്ക് വിടണം. വിഷയം സ്ത്രീ പീഢനമാണെങ്കില്‍ ഒട്ടും മടിക്കരുത്. കാരണം അതൊരു പാര്‍ട്ടി പ്രശ്‌നമല്ല, സാമൂഹ്യ കുറ്റകൃത്യമാണ്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന സ്ത്രീയുടെ അവകാശം നിലനിര്‍ത്തണ്ടതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്.
നിയമപരമായി ശിക്ഷിക്കപ്പെടുക തന്നെ വേണം. പാര്‍ട്ടി പ്രവര്‍ത്തകയെ ആകുമ്പോള്‍ പാര്‍ട്ടിയുടെ സേഫ് സോണില്‍ സുരക്ഷിതമാകാനുള്ള ഒരു പഴുതുകളും ഇനി ബാക്കിയായിക്കൂടെ. സ്ത്രീകളേയും പാര്‍ട്ടിയേയും സംരക്ഷിക്കാന്‍ അത് കൂടിയേ തീരൂ...

മറ്റൊരു ശശിയുണ്ടായിരുന്നില്ലേ. കണ്ണൂരില്‍.
വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നെന്നാണ് കേള്‍ക്കുന്നത്. ശരിയാണോ എന്നറിയില്ല.
ആണെങ്കില്‍. ആ ഇരയെയെങ്കിലും പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തണം.
ഇല്ലെങ്കില്‍ നാളെ ലജ്ജിച്ച് തല കുനിക്കേണ്ടി വരും.......
ശശിമാര്‍ പെരുകി കൊണ്ടിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com