പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ സമവായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ഡിവൈഎഫ്‌ഐ നേതാവ്; ജില്ല നേതൃത്വം പ്രതിസന്ധിയില്‍

പരാതി ലഭിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി തന്നെ ശരിവെക്കുമ്പോള്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഇക്കാര്യമറില്ലെന്നാവര്‍ത്തിക്കുകയാണ്
പി.കെ. ശശിക്കെതിരായ പീഡന പരാതിയില്‍ സമവായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ഡിവൈഎഫ്‌ഐ നേതാവ്; ജില്ല നേതൃത്വം പ്രതിസന്ധിയില്‍


പാലക്കാട്; ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിയ്‌ക്കെതിരേ വനിത നേതാവ് നല്‍കിയ പീഡന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതൃത്വം പ്രതിരോധത്തില്‍. പരാതി ഇതുവരെ കിട്ടിയില്ലെന്നാണ് ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ സെക്രട്ടറി തന്നെയാണ് സമവായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പരാതി ലഭിച്ചതായി സിപിഎം ജനറല്‍ സെക്രട്ടറി തന്നെ ശരിവെക്കുമ്പോള്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഇക്കാര്യമറില്ലെന്നാവര്‍ത്തിക്കുകയാണ്. 

ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയംഗമായ പെണ്‍കുട്ടി ആദ്യം ഇതേ ഘടകത്തില്‍തന്നെയാണ് പരാതിയുന്നയിക്കുന്നതും. പരാതി സ്വീകരിക്കാതെ നേതൃത്വം തഴഞ്ഞു. സിപിഎം നേതാക്കള്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് മുഖം രക്ഷിക്കല്‍ നടപടിയുമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് ചര്‍ച്ച നടത്തിയത്. 

എന്നാല്‍ ശശിക്കെതിരെ ഇതുവരെ ഒരു ഡിവൈഎഫ്‌ഐ നേതാവും പരസ്യപ്രതികരണം നടത്തിയിട്ടില്ല.  അനുനയ നീക്കങ്ങളുടെ ഭാഗമായി ഒരാഴ്ച മുമ്പ് പെണ്‍കുട്ടിക്ക് പണവും ഡിവൈഎഫ്‌ഐ സംസ്ഥാനസമിതിയിലേക്ക് സ്ഥാനക്കയറ്റവും നേതാക്കള്‍ വാഗ്ദാനം ചെയ്തു. ബൃന്ദ കാരാട്ടിന് നല്‍കിയ പരാതിയിലും തീരുമാനമാവാത്തതിനെ തുടര്‍ന്നാണ് വിഎസ് പക്ഷ നേതാക്കളുടെ പിന്തുണയോടെ  വനിതാ നേതാവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി അയക്കുന്നത്. 

അതേസമയം പെണ്‍കുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നു. ഡിവൈഎഫ്‌ഐയിലെ രണ്ട് നേതാക്കളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന തരത്തിലായിരുന്നു പ്രചാരണം. പി.കെ. ശശിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com