ഭാര്യയ്‌ക്കൊപ്പം കഴിയേണ്ടയാള്‍ സഹോദരിക്കൊപ്പം: വിചിത്രമായ പരാതിയുമായി യുവതി വനിതാ കമ്മിഷനു മുന്‍പില്‍

സഹോദരിയില്‍ നിന്നും അമ്മയില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി യുവതി വനിതാ കമ്മിഷനെ സമീപിച്ചു.
ഭാര്യയ്‌ക്കൊപ്പം കഴിയേണ്ടയാള്‍ സഹോദരിക്കൊപ്പം: വിചിത്രമായ പരാതിയുമായി യുവതി വനിതാ കമ്മിഷനു മുന്‍പില്‍

തിരുവനന്തപുരം: സഹോദരിയില്‍ നിന്നും അമ്മയില്‍ നിന്നും സ്വന്തം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി യുവതി വനിതാ കമ്മിഷനെ സമീപിച്ചു. വിചിത്രമായ ഈ പരാതിയില്‍ യുവതി തന്നെ കമ്മിഷന് വിശദീകരണവും നല്‍കി. സ്‌നേഹ സമ്പന്നനായ ഭര്‍ത്താവിനെ തന്നില്‍ നിന്നും അകറ്റി നിറുത്തുന്നത് അദ്ദേഹത്തിന്റെ മാതാവും സഹോദരിയുമാണ്. ഭര്‍ത്താവിന്റെ ആദ്യ വിവാഹം മറച്ചുവച്ചിട്ടാണ് താനുമായുള്ള വിവാഹം നടത്തിയത്. കുടുംബാംഗങ്ങളുടെ സമീപനം കാരണമാണ് ആദ്യത്തേത് വിവാഹ മോചനത്തില്‍ കലാശിച്ചതെന്ന് പിന്നീടാണ് അറിഞ്ഞത്. ഹൈദരാബാദിലാണ് ഭര്‍ത്താവിന് ജോലി. അവിടെ അവിവാഹിതയായ സഹോദരിക്കൊപ്പമാണ് ഭര്‍ത്താവ് കഴിയുന്നതെന്നും യുവതി കമ്മിഷനോട് വിശദീകരിച്ചു.

അതേസമയം, അമ്മയുടേയും സഹോദരിയുടേയും സമീപനം കാരണം രണ്ട് യുവതികള്‍ കുഴപ്പത്തിലായെന്ന നിഗമനത്തിലാണ് വനിതാ കമ്മിഷന്‍. അടുത്ത സിറ്റിംഗില്‍ ആരോപണ വിധേയനെ വിളിച്ചു വരുത്താനും പരിഹാരമുണ്ടാക്കാനും തൈയ്ക്കാട് റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ തീരുമാനമായി.

വീടും വസ്തുവും സ്വന്തം പേരില്‍ എഴുതികിട്ടിയതിനെ തുടന്ന് മകനും മരുമകളും അമ്മയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതാണ് മറ്റൊരു പരാതി. അയിരൂര്‍ സ്വദേശിയായ വീട്ടമ്മയാണ് പരാതിയുമായി എത്തിയത്. പക്ഷെ, ആധാരത്തില്‍ മരണംവരെ വീട്ടില്‍ കഴിയാന്‍ അമ്മയ്ക്ക് അവകാശമുള്ളതായി കമ്മിഷന്‍ അംഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് സ്ഥലത്തെ പൊലീസിനോട് ആ വീട്ടില്‍ അമ്മയ്ക്കു കഴിയാന്‍ വേണ്ട സാഹചര്യവും സംരക്ഷണവും നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

വിവാഹമോചനത്തിന് വെമ്പല്‍കൊണ്ടുനിന്ന ഒരു ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായത് അദാലത്തിലെ സന്തോഷമുള്ള കാഴ്ചയായി. പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തതോടെ ഭാര്യയുടെ കൈയ്യിലിരുന്ന കുഞ്ഞിനെ വാങ്ങി ഒക്കത്തിരുത്തിയ ശേഷം പരസ്പരം കൈ പിടിച്ചാണ് ഇരുവരും പോയത്. വാടക വീടെടുത്ത് സന്തോഷമായി ജീവിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്റെ നേതൃത്വത്തില്‍ അംഗങ്ങളായ ഇം.എം.രാധ, ഷാഹിദ കമാല്‍, ഷിജി എന്നിവരാണ് അദാലത്തില്‍ പരാതികള്‍ കേട്ടത്. നൂറു പരാതികള്‍ പരിഗണിച്ചതില്‍ 36 എണ്ണം തീര്‍പ്പാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com