വീഴാറായി നില്‍ക്കുന്ന ഈ കൊച്ചുകൂരയില്‍ വലിയ മനസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്; ഉപ്പയുടെ വേര്‍പാടിലും നാടിന്റെ സങ്കടം കണ്ട മാലാഖ

തന്റെ സ്വപ്‌നങ്ങള്‍ക്കായി ഈ കൊച്ചു മിടുക്കി മാറ്റിവെച്ച ചില്ലറ തുട്ടുകള്‍ പ്രളയ ബാധിതര്‍ക്ക് നല്‍കി എല്ലാവര്‍ക്കും മാതൃകയാവുകയാണ് ഇവള്‍
വീഴാറായി നില്‍ക്കുന്ന ഈ കൊച്ചുകൂരയില്‍ വലിയ മനസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്; ഉപ്പയുടെ വേര്‍പാടിലും നാടിന്റെ സങ്കടം കണ്ട മാലാഖ

മലപ്പുറം: ഷീറ്റുകൊണ്ട് മൂടിയ ഒരു കൊച്ചുകൂര, അതിനു മുകളിലായി ഓല നിരത്തിയിരിക്കുന്നു. മരപ്പലകകളും ഷീറ്റുകളും കൊണ്ടാണ് വീടിന്റെ ഭിത്തികളെല്ലാം. അടുത്ത മഴയില്‍ ഇതിജീവിക്കുമോ എന്നറിയാത്ത ഒരു നില്‍പ്പാണ്. അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്‌നത്തിലായിരുന്നു പത്താം ക്ലാസുകാരി നജ്‌ലയും കുടുംബവും. എന്നാല്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് കുഞ്ഞു നജ്‌ലയ്ക്ക് അച്ഛന്‍ നഷ്ടപ്പെടുന്നത്. തന്റെ സ്വപ്‌നങ്ങള്‍ക്കായി ഈ കൊച്ചു മിടുക്കി മാറ്റിവെച്ച ചില്ലറ തുട്ടുകള്‍ പ്രളയ ബാധിതര്‍ക്ക് നല്‍കി എല്ലാവര്‍ക്കും മാതൃകയാവുകയാണ് ഇവള്‍. 
 
എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നജ്‌ല ഇബ്രാഹിമാണ് തന്റെ ദുഃഖങ്ങള്‍ മറന്ന് നാടിന് കൈത്താങ്ങാവുന്നത്. തന്റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് നജ്‌ല. കേരളത്തെ തകര്‍ത്തെറിഞ്ഞ മഴതന്നെയാണ് നജ്‌ലയുടെ ജീവിതത്തില്‍ നിന്ന് അച്ഛനേയും പറിച്ചെടുത്തത്. 

കാലവര്‍ഷക്കെടുതിയില്‍ കഴിഞ്ഞ മാസം പതിനാറിനാണ് നജ്‌ലയ്ക്ക് പിതാവ് ഇബ്രാഹിമി(44)നെ നഷ്ടമായത്. അഞ്ചു സെന്റിനുള്ളില്‍ മറച്ചുകെട്ടിയുണ്ടാക്കിയ ഇവരുടെ ഓലപ്പുര വെള്ളത്തില്‍ മുങ്ങിയപ്പോള്‍ വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇബ്രാഹിം ഷോക്കേറ്റു മരിക്കുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ നിര്‍മിച്ച ഓലപ്പുരയും നശിച്ചതോടെ, ഉമ്മയും മൂന്നു സഹോദരിമാരുമടങ്ങുന്ന നജ്‌ലയുടെ കുടുംബം ബന്ധുവീട്ടിലാണു താമസം. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ വി.കെ.തോമസ് ഇന്നലെ നജ്ലയുടെ പണക്കുടുക്ക ഏറ്റുവാങ്ങി. അനുജത്തി നഫ്‌ലയും ഒപ്പമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com