സ്ഥാനാര്‍ത്ഥിയാവുന്ന കാര്യം അറിഞ്ഞില്ല, തന്റെ ജോലി തുടരുകയാണെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരത്ത് നിന്നും മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഇന്ന് പറഞ്ഞിരുന്നു. 
സ്ഥാനാര്‍ത്ഥിയാവുന്ന കാര്യം അറിഞ്ഞില്ല, തന്റെ ജോലി തുടരുകയാണെന്ന് മോഹന്‍ലാല്‍

കൊച്ചി : തിരുവനന്തപുരത്ത് നിന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാവുന്ന കാര്യം അറിഞ്ഞില്ലെന്ന് മോഹന്‍ലാല്‍. എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുമായി നടത്തിയത്. ഒരു ട്രസ്റ്റിന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായിരുന്നു അത്. ഇതാദ്യമായല്ല പ്രധാനമന്ത്രിമാരെ കാണുന്നത്. മുന്‍പ് മറ്റ് പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരത്ത് നിന്നും മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഇന്ന് പറഞ്ഞിരുന്നു.  നിലവില്‍ അദ്ദേഹം സേവാ ഭാരതിയുമായി സഹകരിക്കുന്നുണ്ട്. പക്ഷേ ബിജെപി പ്രവേശം സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുവരേക്കും നടന്നിട്ടില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതോടെയാണ് തരൂരിനെതിരെ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.ഡെക്കാന്‍ ഹെറാള്‍ഡ് പത്രമാണ് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകളുമായി റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2019ല്‍ മോഹന്‍ലാലിനെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനാണ് സംഘത്തിന്റെ താത്പര്യം. എന്നാല്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ സംഘം ഉദ്ദേശിക്കുന്നില്ല. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ലാലിന്റെ പ്രതിച്ഛായ ഉറപ്പിച്ച ശേഷം സ്ഥാനാര്‍ഥിയാക്കാനാണ് പരിപാടി. ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ ഇതിനായി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ഇതുവരെ സമ്മതം നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സംഘവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെ പ്രതിച്ഛായ ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘം ആസൂത്രണം ചെയ്യും. നടന്‍ എന്ന നിലയില്‍ കേരളീയ സമൂഹത്തില്‍ സ്വീകാര്യതയുള്ള മോഹന്‍ലാല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ കൂടി സജീവമാവുന്നതോടെ രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് സംഘം കണക്കു കൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com