ഞാന്‍ മാതൃഭൂമിയില്‍ എഡിറ്ററായിരുന്ന കാലത്ത് നോവല്‍ പിന്‍വലിച്ചിട്ടുണ്ട്: എംടി 

എഴുതിയ ആള്‍ നിര്‍ബന്ധമായി വേണ്ടാ എന്നു പറഞ്ഞപ്പോള്‍,  ഞങ്ങള്‍ സ്റ്റോപ്പ് ചെയ്തു
ഞാന്‍ മാതൃഭൂമിയില്‍ എഡിറ്ററായിരുന്ന കാലത്ത് നോവല്‍ പിന്‍വലിച്ചിട്ടുണ്ട്: എംടി 

കോഴിക്കോട്: താന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഡിറ്ററായിരുന്ന കാലത്തും  നോവല്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. ഹരീഷിന്റെ മീശനോവലുമായി ബന്ധപ്പെട്ട് സമകാലിക മലയാളം ഓണപ്പതിപ്പില്‍ കവി വി മധുസൂധനന്‍നായരുടെയും പത്രപ്രവര്‍ത്തകനായ എസ് അനിലിന്റെയും ചോദ്യത്തിന് ഉത്തരമായാണ് എംടിയുടെ മറുപടി

അഭിമുഖത്തിന്റെ സംക്ഷിപ്ത രൂപം

എംടി: ഇപ്പാള്‍ ഞാനാണ് എഡിറ്ററായിട്ട് ഇരിക്കുന്നതെങ്കില്‍ എനിക്ക് അതിനെക്കുറിച്ച് ഒരു ജഡ്ജ്‌മെന്റുണ്ട്. പബ്ലിഷ് ചെയ്തതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ തീരുമാനിക്കുകയാണെങ്കില്‍  പ്രശ്‌നമില്ല. ഞാന്‍ പിന്‍വലിച്ചിട്ടുണ്ട്. ഇതിന്റെ പേരിലല്ല. ഞാന്‍ എഡിറ്ററായിരുന്ന കാലത്ത് ഒരു നോവല്‍ പിന്‍വലിച്ചിട്ടുണ്ട്. രാജലക്ഷ്മിയുടെ രണ്ടാമത്തെ നോവല്‍. അത് അവരുടെ നിര്‍ബന്ധം കൊണ്ടാണ്. പബ്ലിഷ് ചെയ്യാന്‍ തുടങ്ങി മൂന്ന് ഇഷ്യു കഴിഞ്ഞു. ഇന്നത്തെ മാതിരിയുള്ള കമ്യൂണിക്കേഷനല്ല. ഒരുപാട് കമ്പികളൊക്കെ വന്ന് 'പ്ലീസ് സ്റ്റോപ്പ്... പ്ലീസ് സ്റ്റോപ്പ്' എന്നു പറഞ്ഞു. അതവരുടെ എന്തോ ചില കുടുംബപ്രശ്‌നങ്ങളായിരുന്നു. എഴുതിയ ആള്‍ നിര്‍ബന്ധമായി വേണ്ടാ എന്നു പറഞ്ഞപ്പോള്‍,  ഞങ്ങള്‍ സ്റ്റോപ്പ് ചെയ്തു. എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ പറഞ്ഞില്ല. 
അനില്‍: അത് ഏത് നോവലായിരുന്നു? 'ഒരുവഴിയും കുറെ നിഴലുകളു'മാണോ?
എം.ടി: അതിനുശേഷം വന്ന 'ഉച്ചവെയിലും ഇളനിലാവും'. പില്‍ക്കാലത്ത് ആ പുസ്തകം വന്നു എന്നു തോന്നുന്നു. 
അനില്‍: ഹരീഷ് ആവശ്യപ്പെട്ടതനുസരിച്ച് പിന്‍വലിച്ചതാണ് എന്നാണ് 'മാതൃഭൂമി' പറയുന്നത്. 
എം.ടി: എന്നാണ് ഒറ്റനോട്ടത്തില്‍ ഞാന്‍ കണ്ടത്, 
അനില്‍: പക്ഷേ, ഇതിന് ഒരു മറുവശമില്ലേ. ഹരീഷ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് എഴുത്തുകാരന് നേരെയും കുടുംബാംഗങ്ങള്‍ക്കു നേരെയും ഉള്ള ഭീഷണിയെത്തുടര്‍ന്നാണ്. എഴുത്തുകാരന് നേരെ അത്തരമൊരു ഭീഷണി ഉയര്‍ത്തുന്നത് എത്രത്തോളം ആശാസ്യമാണ്. 
എം.ടി: അതിപ്പോ മറ്റ് ഭാഷകളിലും ഇങ്ങനെ സംഭവിച്ചിട്ടില്ലേ. പലയിടത്തും സംഭവിച്ചിട്ടുണ്ട്. ചിലര്‍ പിന്‍വലിച്ചു. 
മധുസൂദനന്‍ നായര്‍: ചിലരെ നിരോധിച്ചു. 
എം.ടി: ചിലരെ കൊന്നു. 
മധുസൂദനന്‍ നായര്‍: ഇത് എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ എഴുതും. എഴുത്തുകാരന് തടവുശിക്ഷ കിട്ടിയിട്ടുണ്ട്. നിരോധനം വന്നിട്ടുണ്ട്. നാട് കടത്തിയിട്ടുണ്ട്. 
എം.ടി: ഞാന്‍ അത് മുഴുവന്‍ വായിച്ചാല്‍ മാത്രമേ പറയാന്‍ പറ്റൂ. നമ്മുടെ നാട്ടില്‍ത്തന്നെ തിരുവിതാംകൂറില്‍നിന്ന് സ്വദേശാഭിമാനിയെ നാടുകടത്തി. ചിലതൊക്കെ നിരോധിക്കല്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. സര്‍ സി.പിയുടെ കാലത്ത്. തമാശ അതല്ല. നിരോധിച്ചത് പ്രേമലേഖനങ്ങള്‍ പോലുള്ള പുസ്തകങ്ങളാണ്. 
അഭിമുഖത്തിന്റെ പൂര്‍ണരൂപം ഓണപ്പതിപ്പില്‍ വായിക്കാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com