ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി, തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കരുത്: എ സി മൊയ്തീന്‍ 

അടിയന്തരധനസഹായ വിതരണം, കിറ്റുവിതരണം തുടങ്ങിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന്  മന്ത്രി എ.സി.മൊയ്തീന്‍
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി, തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിക്കരുത്: എ സി മൊയ്തീന്‍ 

കൊച്ചി:  അടിയന്തരധനസഹായ വിതരണം, കിറ്റുവിതരണം തുടങ്ങിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുകയോ അനര്‍ഹരെ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍. എറണാകുളം ജില്ലയില്‍ ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ധനസഹായം ഉറപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനും കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ മോശം പ്രവണതകള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ ഗൗരവമായി പരിഗണിക്കും.  ബൂത്ത് ലെവല്‍ ഓഫീസര്‍, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, ബന്ധപ്പെട്ട ജനപ്രതിനിധികള്‍ തുടങ്ങി ആരുതന്നെ ആരോപണവിധേയരായാലും അന്വേഷിച്ച്, മുഖംനോക്കാതെ നടപടിയെടുക്കും.  

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാരെയും സന്നദ്ധസേവകരെയും  ഉപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീടുകളുടെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കും. മറ്റു ഏജന്‍സികളെയൊന്നും അപേക്ഷകള്‍ സ്വീകരിക്കാനോ കണക്കെടുപ്പിനോ സര്‍ക്കാര്‍ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി നേതൃത്വം വഹിക്കണം.  ശതമാനാടിസ്ഥാനത്തിലാണ് നഷ്ടം വിലയിരുത്തുക.  75 ശതമാനത്തിനു മുകളില്‍ നഷ്ടം കണക്കാക്കുന്ന വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി കണക്കാക്കും.  

രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് മരിച്ചവര്‍, ക്യാമ്പില്‍ നിന്ന് ആശുപത്രിയിലെത്തിയശേഷം മരിച്ചവര്‍, എലിപ്പനിബാധയെത്തുടര്‍ന്ന് മരിച്ചവര്‍  എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്കുന്നത് സംബന്ധിച്ച് നയപരമായ തീരുമാനം കൈക്കൊള്ളും.  തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് തടസ്സം നില്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ലൈഫ് പദ്ധതിയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായ വീടാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.  വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ വീടു നിര്‍മിക്കുന്ന കാര്യം പരിശോധിക്കും.  വീടുനിര്‍മാണത്തില്‍ സഹകരണസ്ഥാപനങ്ങളുടെ ഡിവിഡന്റ് പ്രയോജനപ്പെടുത്താവുന്നതാണ്.  ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com