'പാര്‍ട്ടി കുടുംബമായിട്ടും ആരും സഹായിച്ചില്ല, പാര്‍ട്ടിയെ കരിവാരിത്തേച്ചെന്ന് കുറ്റപ്പെടുത്തി'; ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് പരാതി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി
'പാര്‍ട്ടി കുടുംബമായിട്ടും ആരും സഹായിച്ചില്ല, പാര്‍ട്ടിയെ കരിവാരിത്തേച്ചെന്ന് കുറ്റപ്പെടുത്തി'; ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍: ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. സംഭവത്തെക്കുറിച്ച് പാര്‍ട്ടിയില്‍ അറിയിച്ചെങ്കിലും ഇയാള്‍ക്കെതിരേ നടപടിയുണ്ടായില്ല എന്നാണ് പെണ്‍കുട്ടി പറയുന്നത്. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് പരാതി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. 

മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയോട് ജീവന്‍ലാലാണ് തിരുവനന്തപുരത്തുള്ള കോച്ചിങ് സെന്ററിനെപ്പറ്റി പറയുന്നത്. എംഎല്‍എയുടെ പിഎയുടെ മകള്‍ അവിടെയാണ് പഠിക്കുന്നതെന്നും പ്രവേശനം അദ്ദേഹം ശരിയാക്കിത്തരുമെന്നുമായിരുന്നു വാഗ്ധാനം. ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ജീവന്‍ലാലിന് പോകേണ്ടതുണ്ടായിരുന്നു. അയാള്‍ക്കൊപ്പം ജൂലൈ ഒന്‍പതിന് തിരുവനന്തപുരത്തെത്തി.

എംഎല്‍എ ഹോസ്റ്റലിലാണ് തങ്ങിയത്. കാര്യങ്ങള്‍ ശരിയാക്കി പിറ്റേന്നുതന്നെ തിരിച്ചുപോരണമെന്നു കരുതിയെങ്കിലും ജീവന്‍ലാലിന് ഏതോ പേപ്പര്‍ ശരിയാക്കാനുണ്ടെന്നു പറഞ്ഞതിനാല്‍ ഒരു ദിവസം കൂടി നില്‍കേണ്ടിവന്നു. ആ രണ്ടുദിവസവും ഇയാളെക്കൊണ്ട് പ്രശ്‌നമുണ്ടായില്ല. എന്നാല്‍ തിരിച്ചുപോരുന്ന അന്നാണ് അയാളില്‍ നിന്ന് മോശം അനുഭവമുണ്ടായത്. 

11ന് രാവിലെ തിരികെ പോകാന്‍ ബാഗെടുക്കുമ്പോള്‍ അയാള്‍ മുറിയില്‍ കടന്നുവന്ന് ഉള്ളില്‍നിന്നു വാതില്‍ പൂട്ടി. കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു. ഞാന്‍ ശബ്ദമുണ്ടാക്കി ഓടിമാറാന്‍ തുടങ്ങിയപ്പോള്‍ എന്റെ വായ് പൊത്തിപ്പിടിച്ചു. ഞാന്‍ ചെറുത്തുനിന്നതോടെ അയാള്‍ പിന്മാറി. മാപ്പുപറയാനും കരയാനും തുടങ്ങി. പെണ്‍കുട്ടി പറഞ്ഞു. 

ഇതിന് മുന്‍പ് ഡിവൈഎഫിലെ മറ്റൊരു പെണ്‍കുട്ടിക്ക് ഇയാളില്‍ നിന്ന് ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. ഈ കുട്ടിയോട് സംഭവം പറഞ്ഞതോടെ സിപിഎം ലോക്കല്‍ കമ്മിറ്റിയിലേക്ക് സംഭവം എത്തി. ജീവന്‍ലാലിന്റെ അടുത്ത ബന്ധുവും ഡി.വൈ.എഫ്.ഐ.യിലുണ്ട്. പുറത്തുപറഞ്ഞാല്‍ പാര്‍ട്ടിക്കു പ്രശ്‌നമാണെന്നായിരുന്നു അവരുടെയൊക്കെ അഭിപ്രായം. സി.പി.എം. കുടുംബം എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്. വിഷയം സൂചിപ്പിച്ച ആരോടോ 'അവര്‍ രേഖാമൂലം പരാതിയൊന്നും തന്നിട്ടില്ലല്ലോ' എന്ന് ജീവന്‍ലാലിന്റെ ബന്ധു പറഞ്ഞതായി അറിഞ്ഞു. അങ്ങനെയാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഞങ്ങള്‍ രേഖാമൂലം പരാതി കൊടുത്തത്.

ഏരിയാ കമ്മിറ്റിയില്‍ നിന്ന് ജീവന്‍ലാലിനെ പുറത്താക്കിയെന്ന് പറഞ്ഞെങ്കിലും അയാള്‍ സജീവമായി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നത് കണ്ടാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിക്കുന്നത്. പാര്‍ട്ടി കുടുംബമായിരുന്നിട്ടും ആരും സഹായിച്ചില്ലെന്നാണ് യുവതിയുടെ ആരോപണം.  പാര്‍ട്ടിയെ കരിവാരിത്തേച്ചുവെന്ന് പലരും തങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി നടപടി തൃപ്തികരമായി തോന്നാത്തതിനാലാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com