പികെ ശശിയെ സംരക്ഷിക്കില്ല: ഉടന്‍ നടപടിയെടുക്കുമെന്ന് സിപിഎം

പികെ ശശി എംഎല്‍എ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള
പികെ ശശിയെ സംരക്ഷിക്കില്ല: ഉടന്‍ നടപടിയെടുക്കുമെന്ന് സിപിഎം

ന്യൂഡല്‍ഹി: പികെ ശശി എംഎല്‍എ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ എംഎല്‍എയെ സംരക്ഷിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി. നടപടി വൈകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതി പാര്‍ട്ടിയുടെ സംസ്ഥാന, കേന്ദ്ര ഘടകങ്ങള്‍ പൂഴ്ത്തി വച്ചിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി പൊലീസിന് കൈമാറാന്‍ പാര്‍ട്ടിക്ക് കഴിയില്ല. പരാതിക്കാരിയുടെ പേരും മറ്റും വെളിപ്പെടുത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. പരാതി പെണ്‍കുട്ടി തന്നെ പൊലീസിന് കൈമാറട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

പെണ്‍കുട്ടിയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ ഇക്കാര്യം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നുമാണ് സംസ്ഥാന ഘടകം നിലപാട് അറിയിച്ചത്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എകെ ബാലനും പികെ ശ്രീമതിയും അംഗങ്ങളായ കമ്മിറ്റിയാണ് പെണ്‍കുട്ടിയുടെ പരാതി അന്വേഷിക്കുന്നതെന്നും സംസ്ഥാന ഘടകം അറിയിച്ചു. 

പെണ്‍കുട്ടിയുടെ പരാതി നിയമസംവിധാനങ്ങള്‍ കൈമാറേണ്ടത് തന്നെയാണ്. ഇതിനുള്ള ശക്തമായ തെളിവുകളും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറല്ല. അതിനാല്‍ പെണ്‍കുട്ടി തന്നെ പൊലീസിനെ സമീപിക്കുകയാണ് വേണ്ടത്. കുറ്റക്കാരായ ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല. ശശിക്കെതിരായ നടപടി ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com