പ്രതിഷേധം മറികടന്ന് ക്വാറിക്ക് അനുമതി; ചെങ്ങോട് മല ഖനനത്തിനെതിരെ രാപ്പകല്‍ സമരവുമായി നാട്ടുകാര്‍

പ്രതിഷേധം മറികടന്ന് ക്വാറിക്ക് അനുമതി; ചെങ്ങോട് മല ഖനനത്തിനെതിരെ രാപ്പകല്‍ സമരവുമായി നാട്ടുകാര്‍

പ്രതിഷേധം മറികടന്ന് ക്വാറിക്ക് അനുമതി; ചെങ്ങോട് മല ഖനനത്തിനെതിരെ രാപ്പകല്‍ സമരവുമായി നാട്ടുകാര്‍

കോഴിക്കോട്: ചെങ്ങോടുമലയില്‍ ക്വാറിക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് രാപ്പകല്‍ സമരവുമായി നാട്ടുകാര്‍. മഞ്ഞള്‍ക്കൃഷി തുടങ്ങാനെന്നു പറഞ്ഞു ചെങ്ങോട് മല ഉള്‍പ്പെടുന്ന ഏക്കര്‍ കണക്കിന് ഭൂമി സാധാരണക്കാരില്‍ നിന്നും വന്‍ മാഫിയ സംഘം വാങ്ങുകയായിരുന്നു. പിന്നാലെ രാഷ്ട്രീയ- ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് ക്വാറിക്ക് അനുമതി നേടിയെടുക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.  ഇത് കോട്ടൂര്‍, കായണ്ണ, നൊച്ചാട് പഞ്ചായത്തില്‍ കുടി വെള്ള ദൗര്‍ലഭ്യം ഉള്‍പ്പെടെ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിളിച്ചു വരുത്തുകയും ഒട്ടനവധി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും ചെയ്യുമെന്നാണ് നാട്ടുകാര്‍ പറയുന്നു.

ഖനനത്തിനായി അപേക്ഷിച്ച സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവിലായി വീട് പൊതുറോഡ് തുടങ്ങിയ  നിര്‍മ്മിത വസ്തുക്കളോ, നാശനഷ്ടം സംഭവിക്കാവുന്ന പ്രകൃതിജ വസ്തുക്കളോ സ്ഥിതി ചെയ്യുന്നതില്ലെന്ന് ഉറപ്പുവരുത്തിയിട്ടുള്ളതാണെന്നും കൂടാതെ ഖനന അനുമതി നല്‍കുന്നതിന് 2015ലെ കേരള മൈനര്‍ മിനറല്‍ കണ്‍സെഷന്‍ പ്രകാരം എല്ലാം ക്ലിയറന്‍സുകളും ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ജില്ലാ ജിയോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയാതാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കരിങ്കല്ലിന്റെ ഖനനാനുമതിക്കായി പാരിസ്ഥിതികാനുമതി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമപഞ്ചായത്ത് എന്നിവയില്‍ നിന്നുള്ള അനുമതികളും എക്‌സ്‌പ്ലോസീവ് ലൈസന്‍സും നല്‍കിക്കഴിഞ്ഞ് ക്വാറി പ്രവര്‍ത്തനത്തിനായി ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള മൈനിംഗ് പ്ലാന്‍ തയ്യാറാക്കിയത് പ്രകാരമാണ് ഖനനപ്രവര്‍ത്തനത്തിന് ജിയോളജി അനുമതി നല്‍കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ അടിസ്ഥാനമില്ലെന്നാണ് നാട്ടുകാരുടെ വാദം

രാപ്പകല്‍ സമരം ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കെടി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 41 ലക്ഷം ടണ്‍ പാറയുള്ള ചെങ്ങോട് മല തുരന്ന് എടുക്കാനാണ് ഡെല്‍റ്റ കമ്പനിയുടെ ശ്രമമെന്ന് കെടി രാധാകൃഷ്ണന്‍ പറഞ്ഞു. അതീവ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണ് ചെങ്കുത്തായ ചെങ്ങോട്ടുമല. പല തവണ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുള്ള മലയാണിത്.ഏറ്റെടുത്ത നൂറേക്കറില്‍ 12 ഏക്കര്‍ സ്ഥലത്ത് മാത്രമാണ് ക്വാറി തുടങ്ങുന്നത് എന്നാണ് കമ്പനിയുടെ വാദം. പല വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ മലയില്‍ ചെറിയ ഇളക്കങ്ങള്‍പോലും  ഇവ താഴേക്ക് പതിക്കാന്‍ കാരണമായേക്കും. അപൂര്‍വ്വ സസ്യങ്ങളുടേയും ജീവികളുടേയും സങ്കേതം കൂടിയായ മലയില്‍ ഏക്കറുകണക്കിന് സ്ഥലത്ത് പാറക്കൂട്ടങ്ങള്‍ പൊട്ടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2017 ഡിസംബറില്‍ അന്നത്തെ കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ചെങ്ങോട്ടുമലയുടെ പാരിസ്ഥിതിക പ്രാധാന്യം പറയുന്നുണ്ട്. പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായ മലയില്‍ ഖനനാനുമതി നല്‍കിയാല്‍ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും ജൈവവൈവിധ്യത്തെ തകിടം മറിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഖനനാനുമതി നല്‍കുന്നതിന് മുന്‍പ് മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് വിശദമായ പാരിസ്ഥിതിക പഠനം നടത്തണമെന്നും അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com