പ്രളയം: അടുത്ത വര്‍ഷം ബംപര്‍ വിളവ് ഉണ്ടാകുമോ? അതോ ചാകരയോ? 

'കേരളത്തിലെ മധ്യ ഉപരി വര്‍ഗ്ഗങ്ങള്‍ക്കു കൃഷി ജീവിതമാര്‍ഗ്ഗമല്ല, നൊസ്റ്റാള്‍ജിയ മാത്രമാണ് . അങ്ങനെ അല്ലാതെ കൃഷി കൊണ്ട് ഉപജീവനം കഴിക്കുന്ന ചിലരുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഈ പോസ്റ്റ്'
പ്രളയം: അടുത്ത വര്‍ഷം ബംപര്‍ വിളവ് ഉണ്ടാകുമോ? അതോ ചാകരയോ? 

വെള്ളം കയറിയ സ്ഥലങ്ങളെയെല്ലാം ചെളിക്കുണ്ടുകളാക്കിക്കൊണ്ടാണ് പ്രളയ ജലം ഇറങ്ങിപ്പോയത്. പുഴ കൊണ്ടുവന്ന സമ്മാനമായിട്ടാണ് ഒരു വിഭാഗം പേര്‍ ഈ ചെളിയെ കാണുന്നത്. ഇതിലൂടെ അടുത്ത വര്‍ഷം ബമ്പര്‍ വിളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. എന്നാല്‍ ഇതിലെ സത്യാവസ്ഥ എന്താണ്? യഥാര്‍ത്ഥത്തില്‍ ഈ ചെളി എക്കല്‍ മണ്ണാണോ? ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം തുറന്നു പറയുകയാണ് കൃഷി ഓഫീസറായ രമ കെ നായര്‍. 

പ്രളയം വലിയ നാശമാണ് മണ്ണിലുണ്ടാക്കിയിരിക്കുന്നത് എന്നാണ് അവര്‍ തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ദിവസങ്ങളോളം തങ്ങിനിന്ന വെള്ളത്തില്‍ നിന്നും അതിലുണ്ടായിരുന്ന ചെളിയിലൂടെയും മണ്ണിന്റെ സ്വാഭാവികമായ നീര്‍വാര്‍ച്ച തടസ്സപ്പെടുകയും വായു ഇല്ലാത്ത അവസ്ഥയില്‍ രോഗകാരികളായ സൂക്ഷമാണുക്കള്‍ പെരുകുകയും ചെയ്‌തെന്നാണ് രമ പറയുന്നത്. ഇതിലൂടെ വേരുകള്‍ അഴുകുകയും വിളകള്‍ നശിക്കുകയും ചെയ്യും. അതിനാല്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ കര്‍ഷകര്‍ ശ്രമിക്കണമെന്നും അവര്‍ വ്യക്തമാക്കി. ഈ പെരുമഴക്കാലം മണ്ണിലെ വളക്കൂറെല്ലാം കടലിലേക്ക് ഒഴുക്കി കൊണ്ടുപോയെന്നും ഇത് കടലിലെ പ്ലവകങ്ങളുടെയും മത്സ്യത്തിന്റേയും വളര്‍ച്ചകൂട്ടാന്‍ കാരണമാകുമെന്നും പോസ്റ്റില്‍ പറയുന്നു. 

ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

അങ്ങനെ ഒന്നുരണ്ടാഴ്ച തിമിര്‍ത്താടി പ്രളയജലം ഇറങ്ങിപ്പോയി. ഇനിയും പുഴയിലെ വെള്ളം കലങ്ങി മറിഞ്ഞുതന്നെയാണ് ഒഴുകുന്നത്. പുഴ കയറിയിറങ്ങിപോയിടത്തെല്ലാം ധാരാളമായി ചെളി അടിഞ്ഞുകൂടിയിട്ടുണ്ട്. എക്കല്‍ മണ്ണാണിതെന്നും അടുത്ത വര്ഷം ബമ്പര്‍ വിളവുണ്ടാവാന്‍ ഇത് സഹായകമാകുമെന്നും ഒക്കെ പലരും ഉറക്കെയും പതുക്കെയും ചിന്തിക്കുന്നത് കേട്ടു .

കൃഷി ഒരു ശാസ്ത്രമാണ്. പക്ഷിശാസ്ത്രമല്ല.

കേരളത്തിലെ മധ്യ ഉപരി വര്‍ഗ്ഗങ്ങള്‍ക്കു കൃഷി ജീവിതമാര്‍ഗ്ഗമല്ല, നൊസ്റ്റാള്‍ജിയ മാത്രമാണ് . അങ്ങനെ അല്ലാതെ കൃഷി കൊണ്ട് ഉപജീവനം കഴിക്കുന്ന ചിലരുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഈ പോസ്റ്റ് .
മണ്ണ് എന്നാല്‍ എന്താണ് എന്ന് ആദ്യം അറിയണം. മണ്ണില്‍ എന്തെല്ലാം കാണും ? പലവിധ മൂലകങ്ങള്‍, ജൈവാംശം, ജലാംശം, സൂക്ഷ്മജീവികള്‍, വായു എല്ലാം മണ്ണില്‍ ഉണ്ട്. മണ്ണിനെ മണ്ണാക്കുന്നത് അതിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനമാണ്. മണ്ണിലെ ഭക്ഷ്യ ശൃംഖലയില്‍ മണ്ണിരയും, ഒച്ചും ഉറുമ്പും, ചിതലും പലവിധ ബാക്ടീരിയകളും പൂപ്പലുകളും ആല്‍ഗകളും എല്ലാം ചേരും .

ഇനി പ്രളയകാലത്തു എന്താണ് സംഭവിച്ചതെന്ന് നോക്കാം. മൂന്നടി മുതല്‍ പത്തടി വരെ ഉയരത്തിലാണ് പലയിടത്തും വെള്ളം കെട്ടി നിന്നത്. ഏകദേശം മൂന്നേകാലടി നീളം വീതി ,ഉയരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് സങ്കല്‍പ്പിച്ചു നോക്കുക. ഇത് ഒരു മീറ്റര്‍ ക്യൂബ് വെള്ളം ഉണ്ടാകും. ഈ വെള്ളത്തിന്റെ ഭാരം ഒരു ടണ്‍ ഉണ്ടാകും. മണ്ണിനു മുകളില്‍ എത്രമാത്രം ശക്തിയിലാണ് വെള്ളം അമര്‍ന്നിരുന്നതെന്നു ചിന്തിക്കുക, അതും എട്ടു പത്തു ദിവസങ്ങളോളം .

കൂടാതെ വെള്ളത്തിനൊപ്പം ഒഴുകി വന്ന തീരെ കനം കുറഞ്ഞ മണ്ണ് മേല്മണ്ണിനു മുകളില്‍ അടിഞ്ഞു ചേര്‍ന്നു പലയിടത്തും അടിഞ്ഞു കൂടിയ ഈ മണ്ണിനു അല്‍പ്പം പോലും വായു സഞ്ചാരം ഇല്ലാതെ ഇഷ്ടികപോലെ ഉറച്ചു പോകാവുന്ന ഘടനയാണ്.

അതുകൊണ്ട് ഉണ്ടാകുന്ന ദൂഷ്യങ്ങള്‍ പലതാണ് . മണ്ണിന്റെ സ്വാഭാവികമായ നീര്‍വാര്‍ച്ച തടസ്സപ്പെടും. വായു ഇല്ലാത്ത അവസ്ഥയില്‍ രോഗകാരികളായ സൂക്ഷമാണുക്കള്‍ പെരുകും. വേരുകള്‍ അഴുകുകയും വിളകള്‍ നശിക്കുകയും ചെയ്യും.

അടിയന്തിരമായി കര്‍ഷകന്‍ എന്താണ് ചെയ്യേണ്ടത് ?
ആദ്യമായി എത്ര കനത്തില്‍ ചെളി അറിഞ്ഞിട്ടുണ്ടെന്നു നോക്കണം . ചെറിയതോതില്‍ മാത്രമേ ഉള്ളൂതാളം ഇളക്കി മേല്മണ്ണുമായി ചേര്‍ത്ത് നീര്‍വാര്‍ച്ച ഉറപ്പാക്കണം .കൂടുതല്‍ കട്ടിയില്‍ ചെളി അടിഞ്ഞിട്ടുണ്ട് എങ്കില്‍ തടം ഇളക്കി കുമ്മായം ചേര്‍ത്തുകൊടുക്കണം . ഒരു സെന്റിന് ഒരുകിലോ എന്നതോതില്‍ കുമ്മായപ്രയോഗം ആകാം .
കുമ്മായം കിട്ടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണ് .അപ്പോള്‍ ഡോളോമൈറ്റ് ചേര്‍ക്കാം .

നീണ്ടു നിന്ന മഴ മണ്ണിലെ പൊട്ടാഷിനെയും മറ്റു സൂക്ഷ്മ മൂലകങ്ങളെയു0 ഒഴുക്കി കൊണ്ട് പോയിട്ടുണ്ടാവും. അതിനാല്‍ അടിയന്തിരമായി മണ്ണ് പരിശോധിക്കണം. വെള്ളപ്പൊക്കം നമ്മുടെ മണ്ണിനോട് ചെയ്തതെന്തെന്നു അറിയാനും ഇത് ഉപകരിക്കും.
ജാതിയില്‍ ഇലപൊഴിച്ചില്‍ കൂടും. കാല്‍ കിലോ എങ്കിലും കുമ്മായം ചേര്‍ത്ത് ഇളക്കികൊടുത്തശേഷം, ഒരാഴ്ച കഴിഞ്ഞു സ്യുഡോമോണാസ് ലായനി കൊണ്ട് തടം കുതിര്‍ക്കുന്നത് നല്ലതാണു. വല്ലാതെ രോഗബാധ കണ്ടാല്‍ കൃഷി ഭവനില്‍ സമീപിക്കണം .

തെങ്ങില്‍ കൂമ്പ് ചീയല്‍ രോഗം കൂടുതലായി കാണും. ഇലക്കവിളുകളില്‍ ഡൈതേയിന്‍ നിറച്ച സാഷേ വെക്കുന്നത് രോഗനിയന്ത്രണത്തിനു നല്ലതാണു. സാഷേകളില്‍ സുഷിരങ്ങള്‍ ഉണ്ടായിരിക്കണം. െ്രെടക്കോഡെര്‍മ ചകിരിച്ചോറില്‍ ചേര്‍ത്ത കേക്കും രോഗം വരാതിരിക്കാന്‍ ഉപയോഗിക്കാം .
കമുകില്‍ മഹാളിയും പ്രതീക്ഷിക്കണം. പച്ചക്കറികളിലും പലവിധ കീടങ്ങളും ഒച്ചുകളും ശല്യമുണ്ടാക്കും .

എലിക്ക് പെരുകാനുള്ള സാഹചര്യം വളരെ കൂടുതലാണ് . എലി നിയന്ത്രണത്തിന് ശ്രദ്ധ വേണം. കൂടാതെ മണ്ണില്‍ ഇറങ്ങുന്നതിനു മുന്‍പ് എലിപ്പനിക്കെതിരെ ഉള്ള പ്രതിരോധമരുന്ന് എടുക്കാന്‍ ആരും മറക്കരുത്.

ഒരുപാട് ചെളി അടിഞ്ഞതു ജെ സി ബി കൊണ്ട് പലയിടത്തും കൂട്ടി ഇട്ടിട്ടുണ്ട്. കൃഷിക്ക് ഉപയോഗിക്കുന്നതിനു മുന്‍പ് കുമ്മായം, െ്രെട കോ ഡെര്മ ,ഢഅങ, ചകിരിച്ചോറ് തുടങ്ങിയവ ഉപയോഗിച്ച് സമ്പുഷ്ടമാക്കിയതിനു ശേഷം മാത്രമേ ചട്ടികളിലും ഗ്രോബാഗിലും മറ്റും നിറക്കാന്‍ ഉപയോഗിക്കാവൂ . 
പുഴ ഒഴുക്കിക്കൊണ്ടു വന്ന മാലിന്യങ്ങള്‍ക്കൊപ്പം ഹാനികരമായ ഹെവി മെറ്റലുകളും കണ്ടേക്കാം. ഫൈറ്റോ റെമഡിയേഷന്‍ അഥവാ ചെടികള്‍ കൊണ്ട് ജലവും മണ്ണും ശുദ്ധമാക്കുന്നതിനെ കുറിച്ചും വിദഗ്ദ്ധ നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്.

പ്രവചനങ്ങള്‍ക്കു ഫേസ് ബുക്കില്‍ പഞ്ഞമില്ലാത്ത കാലമാണ്. ഞാനും ഒരു പ്രവചനം നടത്താന്‍ പോകുന്നു. പ്രവചനം തെറ്റിയാല്‍ കുഴപ്പമില്ല. ഞാനല്ലാതെ ആരും തന്നെ അതു ഓര്‍ക്കാനും പോകുന്നില്ല. അപ്പോള്‍ ഞാന്‍ ഈ പോസ്റ്റ് അങ്ങ് മുക്കും. അത്രതന്നെ.

അടുത്ത മണ്‍സൂണ്‍കാലത്തു നമ്മുടെ കടല്‍ തീരത്തു വന്‍ ചാകര ഉണ്ടാകും എന്നാണത് .

കാരണമെന്താണെന്നോ ?
ഈ പെരുമഴക്കാലം അത്രയ്ക്ക് വളക്കൂറാണ് കടലിലേക്ക് ഒഴുക്കി കൊണ്ടുപോയത്. അതു കടലിലെ പ്ലവകങ്ങളുടെ വളര്‍ച്ചകൂട്ടും അതോടൊപ്പം മല്‍സ്യത്തിന്റെയും .

അല്ലെങ്കിലും ഒന്ന് ചീയുന്നത് വേറൊന്നിനു വളമാണ് .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com