മരം മുറിക്കുന്നെങ്കില്‍ തന്റെ തലയിലൂടെ മുറിച്ചിടട്ടെ; കളക്ടറോട് പോയി പരാതി പറയെന്ന് അധികൃതര്‍; അവസാനം സംഭവിച്ചത് ഇങ്ങനെ
By സമകാലികമലയാളം ഡെസ്‌ക് | Published: 08th September 2018 07:53 PM |
Last Updated: 08th September 2018 07:53 PM | A+A A- |

കൊല്ലം: ഉത്തരവുകളൊന്നും കൈയിലില്ലാതെ മരം മുറിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ ന്യൂസ് ഫോട്ടോ ഗ്രാഫറുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി.ദേശാഭിമാനി ഫോട്ടോ ഗ്രാഫറാണ് തന്റെ മറയില്ലാത്ത പ്രകൃതിസ്‌നേഹത്തിലൂടെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
ശനിയാഴ്ച്ച പകല്‍ പതിനൊന്നോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൊല്ലം ടൗണ്‍ UPS ന് മുന്നില്‍ തണലേകി നിന്നിരുന്ന കൂറ്റന്‍ മരം ചുവടെ വെട്ടിമാറ്റാന്‍ മരം മുറിക്കാരുമായി രണ്ട് ജണഉ ഉദ്യോഗസ്ഥര്‍ എത്തി.. വിവരമറിഞ്ഞ് അസൈന്‍മെന്റിന്റെ ഭാഗമായി സ്ഥലത്തെത്തിയ സഞ്ജീവ് തന്റെ പ്രതിഷേധം അറിയിച്ചപ്പോള്‍ കളക്ടറോട് പോയി പറയാനായിരുന്നു മറുപടി. മരം മുറിക്കുന്നെങ്കില്‍ തന്റെ തലയിലൂടെ മുറിച്ചിടട്ടെ എന്ന നിലപാടുമായി മരത്തിന് താഴെ ഇദ്ദേഹം നിലയുറപ്പിച്ചതോടെ വെസ്റ്റ് സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ മരം ചുവടെ വെട്ടിമാറ്റാതെ റോഡിലേക്ക് നില്‍ക്കുന്ന ഉണങ്ങിയ 2 ശിഖരങ്ങള്‍ മാത്രം മുറിക്കുകയുള്ളു എന്ന അധികൃതരുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് പറഞ്ഞ കൊമ്പുകള്‍ മാത്രം മുറിച്ച് അവര്‍ മടങ്ങി.
പ്രളയത്തിന്റെ പേര് പറഞ്ഞ് കഴിഞ്ഞ കുറെ ദിവസങ്ങളായി കൊല്ലം നഗരത്തില്‍ തണലേകി നിന്നിരുന്ന മരങ്ങളെല്ലാം വെട്ടി ഇല്ലാതാക്കിയ അധികൃതരുടെ നടപടി ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഇനിയും മുറിക്കാന്‍ ശ്രമമുണ്ടായാല്‍ ചെറുക്കുമെന്നും സഞ്ജീവ് പറഞ്ഞു.